കൊച്ചി: പെരിങ്ങോട്ടുകര ദേവസ്ഥാനവുമായി ബന്ധപ്പെട്ട വ്യാജ പീഡനക്കേസിൽ ഒന്നാംപ്രതി അറസ്റ്റിലായി. കാനാടി പ്രവീൺ വേണുഗോപാലിനെ കർണാടക പൊലീസ് ഹരിപ്പാട് നിന്നാണ് ശനിയാഴ്ച രാവിലെ അറസ്റ്റ് ചെയ്തത്. മറ്റ് പ്രതികളെ നേരത്തെ പിടികൂടിയ പൊലീസ് ഒന്നാംപ്രതിക്കായി തിരച്ചിൽ ശക്തമാക്കിയിരുന്നു. പെരിങ്ങോട്ടുകര ദേവസ്ഥാനത്തിന്റെ അധികാരം പിടിച്ചെടുക്കുന്നതിനും ക്ഷേത്ര സ്വത്തുക്കൾ കൈവശപ്പെടുത്തുന്നതിനും വേണ്ടിയാണ് വ്യാജ പീഡനക്കേസ് പ്രതികൾ കെട്ടിച്ചമച്ചതെന്ന് പൊലീസ് അന്വേഷണത്തിൽ നേരത്തെ വ്യക്തമായിരുന്നു. കുറ്റകൃത്യത്തിന്റെ പ്രധാനപ്പെട്ട സൂത്രധാരൻ കൂടിയാണ് ഇപ്പോൾ അറസ്റ്റിലായ ഒന്നാംപ്രതി. പെരിങ്ങോട്ടുകര ദേവസ്ഥാനം തന്ത്രി ഉണ്ണി ദാമോദരനും മരുമകൻ ടി എ അരുണിനും എതിരെ ഉയർന്ന പീഡന പരാതിക്കു പിന്നിൽ ഹണി ട്രാപ്പാണെന്ന് കർണാടക പൊലീസ് കണ്ടെത്തിയിരുന്നു. കേസിൽ പ്രതിസ്ഥാനത്തുള്ള ശ്രീരാഗ് കാനാടി, സ്വാമിനാഥൻ കാനാടി എന്നിവരെ കഴിഞ്ഞ സെപ്റ്റംബറിൽ എറണാകുളത്തുനിന്ന് കർണാടക പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. നിലവിൽ ഏഴു പ്രതികളെയാണ് കേസുമായി ബന്ധപ്പെട്ട് കർണാടക പൊലീസ് പിടികൂടിയിട്ടുള്ളത്. ബെംഗളൂരു സ്വദേശിയും മസാജ് പാർലർ ജീവനക്കാരിയുമായ രത്ന, സഹായി മോണിക്ക, പാലക്കാട് സ്വദേശിയും ഇവന്റ് മാനേജ്മെന്റ് കമ്പനി നടത്തിപ്പുകാരനുമായ ശരത് മേനോൻ, സഹായി സജിത്ത്, ആലം എന്നിവരെയാണ് ആദ്യഘട്ടത്തിൽ അറസ്റ്റു ചെയ്തത്. പെരിങ്ങോട്ടുകര തന്ത്രി കുടുംബം കർണാടക ആഭ്യന്തര മന്ത്രി ഡോ. പരമേശ്വരയ്ക്ക് കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന പുറത്തു കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ബാംഗ്ലൂർ ബസനവാടി എസിപി ഉമാശങ്കരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തി പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. അന്വേഷണം പൂർത്തിയാക്കി പൊലീസ് കോടതിയിൽ ആറു പേരുടെ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. ആകെ 12 പ്രതികളാണ് ഉള്ളത്. ഇതിൽ ആറുപേർ തന്ത്രിയുടെ സഹോദരന്മാരും മക്കളും ബാക്കിയുള്ള ആറു പേർ കർണാടക സ്വദേശികളുമാണ്. തന്ത്രിയുടെ ഭാര്യ രജിത സ്വാമിനാഥൻ,സഹോദരങ്ങളായ പ്രവീൺ, ശ്രീരാഗ്, സ്വാമിനാഥൻ, എന്നിവർ പ്രതികളുമായി നടത്തിയ സാമ്പത്തിക ഇടപാടുകളുടെ രേഖകളും പൊലീസ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിൽ അറസ്റ്റിലായ ഒന്നാംപ്രതി പ്രവീണിനെ കർണാടക പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ഇതിനുപുറമെ കേരളത്തിലും ഇവർക്കെതിരെ കേസ് നിലനിൽക്കുന്നുണ്ട്. ക്ഷേത്രത്തിന്റെ പണം അപഹരിച്ചതുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതി നിർദ്ദേശപ്രകാരം ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.