അടുത്തിടെ ഇറങ്ങിയ സിനിമക്കുള്ളിലെ സിനിമയാണ് ഇന്ദ്രന്സ്പ്രധാനകഥാപാത്രമായ ആശാന്. തിയറ്ററുകളില്‍ സമ്മിശ്രപ്രതികരണമായിരുന്നെങ്കിലും സിനിമാലോകത്തെ ജീര്‍ണ്ണതകളെ തുറന്നുകാട്ടാന്‍ സംവിധായകന് ജോണ്‍പോള്‍ ധൈര്യം കാട്ടി. ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന പരുക്കന്‍ ഭാഷയും ചീത്തവിളികളും ചലച്ചിത്രവ്യവസായത്തിലെ ജീര്ണതകള്ക്കെതിരെയുള്ള കലഹം തന്നെയാണ്. സിനിമാ പവര്‍ ഗ്രൂപ്പുകളെന്ന വ്യവസ്ഥിതിയോടുള്ള കടുത്ത അമര്‍ഷത്തിന്റെ പ്രതിഫലനമായി കാണുന്ന രീതിയിലാണ് സംവിധായകന് അവതരിപ്പിച്ചിരിക്കുന്നത്. നടന്റേയും സംവിധാകയന്റേയും ഈഗോ സിനിമാ നിര്‍മ്മാണത്തിന്റെ ഓരോ ഘട്ടത്തിലും ചിത്രം കൃത്യമായി അടയാളപ്പെടുത്തുന്നു. ഒരു സിനിമ ചെയ്യാന്‍ മോഹിച്ചെത്തുന്ന അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് നേരിടേണ്ടി വരുന്ന വെല്ലുവിളികള്‍ മാത്രമല്ല സെറ്റിലെ അനാരോഗ്യപ്രവണതകളും പച്ചയായി ആവിഷ്കരിക്കുന്നു. അധികാര ഗര്‍വ്വിനും ലൈംഗിക അതിക്രമങ്ങള്‍ക്കും എതിരെ ഭാഷയുടെ വേലിക്കെട്ടുകള്‍ തകര്‍ത്ത് കൊണ്ടുള്ള ഒരു പ്രതികരണം. മലയാള സിനിമയിലെ സൂപ്പര്‍താര മേധാവിത്വം, വെളിപ്പെടുത്തലുകൾ, നിര്‍മ്മാതാക്കളുടെ കണ്ണീര് എന്നിവയെല്ലാം മാദ്ധ്യമങ്ങളില്‍ ചര്‍ച്ചയായ കാലം സിനിമ ഒരു ഓര്‍മപ്പെടുത്തലാകുന്നു. പീഡന കേസിൽ സംവിധായകൻ രഞ്ജിത്തിന്റെ അറസ്റ്റ്, സിനിമാ പ്രൊമോഷനു സഹകരിക്കുന്നില്ലെന്ന ബിജു മേനോനെതിരെയുള്ള പരാതി. നിര്‍മാതാക്കളുടെ സംഘടനക്കെതിരെയുള്ള സാന്ദ്ര തോമസിന്റെ പരാതി, പീഡനവിവാദങ്ങള്, കഞ്ചാവ്, എം.ഡി.എം.എ അറസ്റ്റ്, മഞ്ഞുമ്മല്‍ ബോയ്സ് സംവിധായകന് ചിദംബരത്തിനെതിരെയുള്ള ലൈംഗികാക്രമണപരാതി. ലിസ്റ്റിന് സ്റ്റീഫന്‍- നിവിന്‍ പോളി വിവാദം തുടങ്ങീ വെള്ളിത്തിരയിലെ ജീര്ണതകള്ക്കവസനമില്ല. തിരശ്ശീലയിലെ വര്‍ണ്ണാഭമായ ലോകമല്ല യഥാര്‍ത്ഥത്തില്‍ സെറ്റുകളില്‍ അരങ്ങേറുന്നത്. സൂപ്പര്‍താരങ്ങളുടെ ഈഗോയും നിര്‍മ്മാതാക്കളുടെ തകര്‍ച്ചയും വ്യവസായത്തെ ശ്വാസം മുട്ടിക്കുന്നു. താര ഈഗോയും ഫാന്‍സ് അസോസിയേഷന് രാഷ്ട്രീയവും മലയാള സിനിമയുടെ ഗതിവിഗതികള്‍ നിര്‍ണ്ണയിക്കുന്നു. സിനിമ തുടങ്ങി പകുതിയാകുമ്പോള്‍ തന്റെ ‘മാസ്’ ഇമേജ് നിലനിര്‍ത്താന്‍ തിരക്കഥ മാറ്റാന്‍ താരങ്ങള്‍ നിര്‍ബന്ധിക്കുന്നു. ആരാധകരെ തൃപ്തിപ്പെടുത്താന്‍ വേണ്ടി മാത്രം കുത്തിനിറയ്ക്കുന്ന സീനുകള്‍ സിനിമയുടെ നിലവാരം തകര്‍ക്കുന്നു. പുതുമുഖ നടന്മാരെയും സഹനടന്മാരെയും അപ്രസക്തരാക്കി നായകന് തങ്ങളിലേക്ക് മാത്രം ക്യാമറ തിരിക്കാനുള്ള പ്രവണതയും സ്ഥിരം പരാതിയാകുന്നു. സിനിമാരംഗത്തെ ദുഷ്പ്രവണതകളും പവര്‍ ഗ്രൂപ്പുകളും മൂലം ‘മലയാള സിനിമ നശിച്ചുപോകട്ടെ’ എന്നു ശപിക്കുന്നവരുടെ എണ്ണം കുറവല്ല. സ്വന്തം വീടും പുരയിടവും, എന്തിന് ഭാര്യയുടെ താലി മാല വരെ പണയം വെച്ച് സിനിമ പിടിക്കുന്ന നിര്‍മ്മാതാവ് ഒടുവില്‍ കടക്കെണിയിലാവുന്നതും ഗള്‍ഫ് വ്യവാസികളെ ചാക്കിട്ടുപിടിച്ചു വഞ്ചിതരാക്കുന്നതും തുടര്‍ക്കഥ തന്നെ.
താരങ്ങള്‍ വാങ്ങുന്ന വമ്പന്‍ പ്രതിഫലവും അവരുമായി ബന്ധപ്പെട്ട അനുബന്ധ ചെലവുകളും സിനിമയുടെ ബജറ്റിനെ താങ്ങാനാവാത്ത വിധം ഉയര്‍ത്തുന്നു. നിര്‍മ്മാതാക്കളുടെ സംഘടന ഇടക്കിടെ പത്രസമ്മേളനം നടത്തുന്നതും ഇതിനൊരുദാഹരണമാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതോടെ സിനിമയ്ക്കുള്ളിലെ ഇരുണ്ട വശങ്ങള് പലതും മറനീക്കി പുറത്തുവന്നു.
സുരക്ഷിതത്വത്തിന് എന്നതിലുപരി, കാരവാനുകള്‍ പലപ്പോഴും ഗൂഢാലോചനകള്‍ക്കും ചൂഷണങ്ങള്‍ക്കുമുള്ള ഇടങ്ങളായി മാറുന്നു എന്ന വിമര്‍ശനം ശക്തമാണ്. സെറ്റിലെ വിവേചനത്തിന്റെ പ്രതീകമായി കാരവാനുകള്‍ മാറുന്നു.സിനിമയില്‍ അവസരം ലഭിക്കാന്‍ വഴങ്ങിക്കൊടുക്കണമെന്ന നിബന്ധനയും പല രൂപത്തില്‍ തുടരുന്നു. ഇതിനെതിരെ സംസാരിക്കുന്നവരെ ‘ബ്ലാക്ക് ലിസ്റ്റ്’ ചെയ്ത് പുറത്താക്കുന്ന രീതിയും നിലവിലുണ്ട്.സിനിമ എന്ന സ്വപ്നവുമായി എത്തുന്ന ആയിരക്കണക്കിന് ചെറുപ്പക്കാരെ കരിയര്‍ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയും പ്രതിഫലം നല്‍കാതെയും വഞ്ചിക്കുന്ന പ്രവണതയും ഈ രംഗത്തുണ്ട്. സംവിധായകന്റെയും നിര്‍മ്മാതാവിന്റെയും ഈഗോയ്ക്കിടയില്പ്പെട്ട് പന്തുപോലെ തട്ടിക്കളിക്കപ്പെടുന്ന അസിസ്റ്റന്റ് ഡയറക്ടര്‍മാരുടെ ജീവിതങ്ങളും ഇടക്കിടെ ഉയര്‍ന്നുകേള്‍ക്കാം.
മികച്ച വേഷം നല്‍കാമെന്ന് പറഞ്ഞ് മാസങ്ങളോളം കൂടെ താമസിപ്പിക്കുകയും ഷൂട്ടിംഗ് കഴിഞ്ഞ് സിനിമ പുറത്തിറങ്ങുമ്പോള്‍ ആ വേഷം വെട്ടിമാറ്റപ്പെടുകയോ അല്ലെങ്കില്‍ ഡബ്ബിംഗില്‍ ശബ്ദം മാറ്റി അപമാനിക്കപ്പെടുകയോ ചെയ്യുന്നതും പുതുമയല്ല. സഹതാരം തന്നേക്കാള്‍ നന്നായി അഭിനയിച്ചു എന്ന് തോന്നിയാല്‍, സൂപ്പര്‍താരങ്ങള്‍ ഇടപെട്ട് ആ സീനുകള്‍ എഡിറ്റിംഗ് ടേബിളില്‍ വെട്ടിമാറ്റാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. ഷെയിന്‍ നിഗത്തിന്റെ കുറച്ചു കാലം മുന്‍പത്തെ പരാതി ഇതിനൊരുദാഹരണമാണ്. ഷൂട്ടിംഗ് തീരാറാകുമ്പോള്‍ നായകന്റെ’ഈഗോ’ കാരണം ദിവസങ്ങള്‍ നീണ്ടുപോവുകയും പലിശ കയറി നിര്‍മ്മാതാവ് വഴിയാധാരമാവുകയും ചെയ്യുന്നു.
താരങ്ങള്‍ക്ക് സ്വകാര്യത നല്‍കേണ്ട കാരവാനുകള്‍ പലപ്പോഴും ലഹരി ഉപയോഗത്തിനുള്ള സുരക്ഷിത താവളങ്ങളായി മാറുന്നുവെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ഇത് ഷൂട്ടിംഗ് സമയക്രമത്തെ ബാധിക്കുകയും ചെയ്യുന്നു. ലഹരി ഉപയോഗിച്ചാല്‍ മാത്രമേ ‘മൂഡ്’ ലഭിക്കൂ എന്ന തെറ്റായ ചിന്താഗതി സംവിധായകര്‍ മുതല്‍ നടന്മാര് വരെ കാണാം. ഇത് സെറ്റിലെ അച്ചടക്കം തകര്‍ക്കുകയും നിര്‍മ്മാതാവിന് വന്‍ സാമ്പത്തിക ബാധ്യത വരുത്തുകയും ചെയ്യുന്നു. സെറ്റിലെ ഭക്ഷണക്രമത്തില്‍ പോലും വലിയ വിവേചനമുണ്ട്. വന്‍കിട താരങ്ങള്‍ക്ക് പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം എത്തുമ്പോള്‍, താഴെത്തട്ടിലുള്ള തൊഴിലാളികള്‍ക്കും അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ക്കും ലഭിക്കുന്നത് രണ്ടാം തരം പരിഗണന. ഈഗോയും താരങ്ങളുടെ ലഹരി ഉപയോഗവും കാരണം ഷൂട്ടിംഗ് നീണ്ടുപോകുമ്പോള്‍ ഓരോ ദിവസവും ലക്ഷങ്ങളുടെ പലിശയാണ് നിര്‍മ്മാതാവിന് കൂടുന്നത്.
സിനിമ എന്നത് വെറുമൊരു വിനോദോപാധിയല്ല, ആയിരക്കണക്കിന് കുടുംബങ്ങളുടെ ഉപജീവനമാണ്. അവിടെ ലഹരിയും അധികാരഗര്‍വ്വും ഈഗോയും വിളയാടുമ്പോള്‍ തകരുന്നത് ഒരു കലാരൂപമാണ്.
ക്ലോഡ് ലൂഷ് പറഞ്ഞതുപോലെ, ‘സിനിമ എന്നത് ലോകത്തിലെ ഏറ്റവും വലിയ കപടനാടകമാണ്. എന്നാല്‍ സിനിമാവ്യവസായരംഗത്തും അതുണ്ടായാല്‍ കലാരൂപത്തിനു തന്നെ ഭീഷണിയാകും. ഒടുവില്‍ കലാകാരനും.
ബിംബങ്ങള്‍
ഉടയേണ്ട സമയം
സിനിമ ഒരു വലിയ വ്യവസായമാണ്. എന്നാല്‍ അത് കുറച്ചുപേരുടെ മാത്രം താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ഇടമാകരുത്. പുതുമുഖങ്ങളുടെ കണ്ണീരും നിര്‍മ്മാതാവിന്റെ ആത്മഹത്യയും ലഹരിയുടെ കരാളഹസ്തങ്ങളും ചേര്‍ന്ന് ഈ കലയെ ശ്വാസം മുട്ടിക്കുമ്പോള്‍, ‘ആശാന്’ ഉയര്‍ത്തുന്ന വിരല്‍ ഓരോ സിനിമാപ്രേമിയുടേതുമാണ്. അധികാരത്തിന്റെ ചെങ്കോലേന്തിയവര്‍ താഴെയിറങ്ങുകയും കലയ്ക്ക് മുകളില്‍ മനുഷ്യത്വം പ്രതിഷ്ഠിക്കപ്പെടുകയും ചെയ്യുമ്പോള്‍ മാത്രമേ മലയാള സിനിമയ്ക്ക് യഥാര്‍ത്ഥ മോചനമുണ്ടാകൂ. മലയാള സിനിമയുടെ വെള്ളിത്തിരയിലെ വര്‍ണ്ണപ്പകിട്ടുകള്‍ക്കിടയില്‍ ഒളിച്ചുവെച്ചിരിക്കുന്ന ഒരു വലിയ യാഥാര്‍ത്ഥ്യമുണ്ട്. അത് ഒരു സിനിമയ്ക്കായി രാപ്പകല്‍ വിയര്‍പ്പൊഴുക്കുന്ന കലാകാരന്മാരുടെ കണ്ണീരാണ്.
ചൂഷണങ്ങളുടെ അഭ്രപാളി
സംവിധായകന്റെയോ നിര്‍മ്മാതാവിന്റെയോ വീട്ടിലെ ജോലിക്കാരനായി മാറേണ്ടി വരുന്ന സഹസംവിധായകരുടെ കഥകള്‍ പണ്ട് മുതലേയുണ്ട്. സെറ്റുകളില്‍ സംവിധായകന്റെയും നിര്‍മ്മാതാവിന്റെയും, ചിലപ്പോള്‍ താരങ്ങളുടെ പോലും ചീത്തവിളികള്‍ക്കും പരിഹാസങ്ങള്‍ക്കും പാത്രമാകുന്നത് ഇവര്‍ മാത്രമാണ്. സ്വന്തം ആത്മാഭിമാനം പണയപ്പെടുത്തിയാല്‍ മാത്രമേ സിനിമയുടെ ഭാഗമായി തുടരാനാകൂ എന്ന അലിഖിത നിയമം ഇവിടെയുണ്ട്. പ്രതിഫലമില്ലാത്ത പണിയും ചൂഷണങ്ങളും സിനിമ എന്നത് ഒരു പഠനമാണെന്ന വ്യാജേന, വര്‍ഷങ്ങളോളം ശമ്പളമില്ലാതെ ജോലിയെടുപ്പിക്കുന്നു. ഇവരുടെ അധ്വാനത്തെ നിര്‍മ്മാതാക്കളും സംവിധായകരും ഊറ്റിയെടുക്കുന്നു. ഭക്ഷണത്തിനും താമസത്തിനും പോലും വകയില്ലാതെ, മറ്റുള്ളവരുടെ കാരുണ്യത്തില്‍ ജീവിക്കേണ്ടി വരുന്ന സഹസംവിധായകര്‍ മലയാള സിനിമയുടെ ശാപമാണ്.ഒരു സിനിമ ചെയ്യാനായി വര്‍ഷങ്ങളോളം കഥയുമായി അലയുന്ന ഒരുവന്റെ വഴിയില്‍ വീഴുന്ന തടസ്സങ്ങള്‍ നിരവധിയാണ്.
പാരവെപ്പുകളുടെ രാഷ്ട്രീയവും ഇവിടെ കാണാം. നിര്‍മ്മാതാവിന്റെ ഈഗോ കാരണമോ താരങ്ങളുടെ അനാവശ്യ ഇടപെടലുകള്‍ കാരണമോ ഒരു സുപ്രഭാതത്തില്‍ മുടങ്ങിപ്പോകുന്ന സിനിമകള്‍ തകര്‍ക്കുന്നത് വര്‍ഷങ്ങളുടെ അധ്വാനമാണ്. ഒരു സ്വതന്ത്ര സംവിധായകനാകാനുള്ള അലച്ചിലിനിടയില്‍ യൗവ്വനം ഹോമിക്കപ്പെട്ടവര്‍ എത്രയോ പേര് ഇന്നും ഫ്ളാറ്റുകളിലും ലോഡ്ജുകളിലും കഴിയുന്നു.മേക്കപ്പ് മാന്‍, ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക്, ഉദയനാണ് താരം ,തിരക്കഥ, പത്മശ്രീ ഡോ. ഭരത് ലെഫ്റ്റനന്റ് കേണൽ സരോജ് കുമാർ, ബെസ്റ്റ് ആക്ടർ, സെല്ലുലോയ്ഡ്, ആൻഡ് ദി ഓസ്കർ ഗോസ്ടൂ, ഒരു സിനിമാക്കാരൻ, വർഷങ്ങൾക്കുശേഷം, നടികർ തുടങ്ങിയവ വെള്ളിത്തിരയുടെ കഥ പറഞ്ഞ സിനിമകളാണ്.
‘ആശാന്’ വെറുമൊരു സെല്‍ഫ് ട്രോള്‍ സിനിമ മാത്രമല്ല, മറിച്ച് മലയാള സിനിമാ വ്യവസായത്തിലെ ജീര്‍ണ്ണതകള്‍ക്കെതിരെയുള്ള ഒരു ഉറക്കെയുള്ള നിലവിളിയാണ്.