ആലത്തൂർ: കാവശ്ശേരി പൂരത്തോടനുബന്ധിച്ച് ആലത്തൂർ മേഖലയിൽ പോലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. രാവിലെ 10:30 മുതൽ പൂരം അവസാനിക്കുന്നത് വരെയാണ് നിയന്ത്രണം. മലമലമൊക്ക്, അത്തിപ്പൊറ്റ പാലം, പത്തനാപുരം റോഡ്, പാടൂർ, തെന്നിലാപുരം എന്നിവിടങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് ഗതാഗതം വഴിതിരിച്ചുവിടും.
ആലത്തൂരിൽ നിന്നുള്ള വാഹനങ്ങൾ: പഴയന്നൂർ, പഴമ്പാലക്കോട് ഭാഗത്തേക്ക് പോകുന്ന വലിയ വാഹനങ്ങൾ മലമലമൊക്കിൽ നിന്ന് ഇരട്ടക്കുളം, തെന്നിലാപുരം വഴി പോകണം.
പഴമ്പാലക്കോട് ഭാഗത്തുനിന്നും വരുന്നവ: ആലത്തൂരിലേക്ക് വരുന്ന വാഹനങ്ങൾ അത്തിപ്പൊറ്റ പാലത്തിൽ നിന്ന് തോണിപ്പാടം, പത്തനാപുരം, ആരാപ്പുഴ, വെങ്ങന്നൂർ വഴി തിരിഞ്ഞു പോകണം.
പഴയന്നൂർ, ചേലക്കര ഭാഗത്തു നിന്നുള്ളവ: ഈ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ പാടൂർ, ചീനിക്കോട്, തെന്നിലാപുരം വഴി പോകണം. ഇവർ പാടൂർ ഭാഗത്ത് വാഹനങ്ങൾ നിർത്തണം.
പാലക്കാട്, നെന്മാറ ഭാഗങ്ങളിൽ നിന്നുള്ളവ: ആലത്തൂർ ടൗൺ വഴി വരുന്ന വാഹനങ്ങൾക്ക് മലമലമൊക്ക് വരെ മാത്രമേ പോകാനാകൂ.
വടക്കഞ്ചേരിയിൽ നിന്നുള്ളവ: തെന്നിലാപുരം വഴി വരുന്ന വാഹനങ്ങൾ തെന്നിലാപുരത്ത് യാത്ര അവസാനിപ്പിക്കണം.
പെരുങ്ങോട്ടുകുറുശ്ശി വഴി വരുന്നവ: അത്തിപ്പൊറ്റ വഴി വരുന്ന വാഹനങ്ങളെ അത്തിപ്പൊറ്റ പാലത്തിൽ നിയന്ത്രിക്കും.
പൂർണ്ണമായി തടയുന്ന വഴികൾ: പത്തനാപുരം റോഡിൽ നിന്ന് കാവശ്ശേരി ഭാഗത്തേക്കുള്ള വാഹനങ്ങൾ പൂർണ്ണമായും തടയും.
ഇരുചക്ര വാഹനങ്ങൾക്കും ഈ നിയന്ത്രണങ്ങൾ ബാധകമായിരിക്കും. കൂടാതെ, ചെറുകിട റോഡുകളിൽ നിന്ന് മെയിൻ റോഡിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾക്കും പൂർണ്ണ നിയന്ത്രണം ഏർപ്പെടുത്തും. പ്രധാന കേന്ദ്രങ്ങളിൽ കൂടുതൽ പോലീസ് കാവൽ ഏർപ്പെടുത്തും. സുഗമമായ ഗതാഗതത്തിന് ക്രമീകരണങ്ങളുമായി പൊതുജനങ്ങൾ പൂർണ്ണമായും സഹകരിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.
ഉച്ചയ്ക്ക് 12 :30 ന് വെടിക്കെട്ട് തുടങ്ങും