ചിറ്റൂർ: എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. വി. മുരുകദാസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ മണ്ഡലത്തിൽ ആവേശകരമായി തുടരുന്നു. യുവാക്കൾക്കൊപ്പം പ്രഭാതസവാരി നടത്തിയാണ് സ്ഥാനാർത്ഥി ബുധനാഴ്ചത്തെ പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിച്ചത്. രാവിലെ 6.30-ന് ആരംഭിച്ച പര്യടനത്തിൽ വലിയ ജനപങ്കാളിത്തമാണ് ഉണ്ടായത്..
താൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലയളവിൽ തുടക്കം കുറിച്ച പൊൽപ്പുള്ളിയിലെ ഓപ്പൺ ജിമ്മിലും സ്ഥാനാർത്ഥി സന്ദർശനം നടത്തി. ജിമ്മിലെത്തിയവരുമായി ആശയവിനിമയം നടത്തിയ അദ്ദേഹം അൽപ്പസമയം അവർക്കൊപ്പം ചിലവഴിക്കുകയും ചെയ്തു. തുടർന്ന് നല്ലേപ്പള്ളി, പട്ടഞ്ചേരി, പെരുമാട്ടി തുടങ്ങിയ പ്രദേശങ്ങളിലെത്തി വോട്ടർമാരെ നേരിൽ കണ്ടു വോട്ട് അഭ്യർത്ഥിച്ചു. വികസന പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തിയും വോട്ടർമാരുടെ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞുമായിരുന്നു പര്യടനം.
നല്ലേപ്പള്ളിയിൽ നടന്ന പ്രചാരണ പരിപാടികൾക്ക് എൽ.ഡി.എഫ് നേതാക്കളായ എൻ വി ഹക്കിം, വി ബിനു എന്നിവർ നേതൃത്വം നൽകി. പെരുമാട്ടിയിൽ കെ. സുരേഷ്, എ കൃഷ്ണകുമാർ, ശശികുമാർ എന്നിവരും പട്ടഞ്ചേരിയിൽ മോഹനൻ, ശശി തുടങ്ങിയ ഇടതുപക്ഷ നേതാക്കളും സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു. മണ്ഡലത്തിലെ ഓരോ വോട്ടറെയും നേരിൽ കണ്ട് എൽ.ഡി.എഫ് സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിലെത്തിക്കുകയാണ് വരും ദിവസങ്ങളിലും ലക്ഷ്യമിടുന്നത്.