ചിറ്റൂർ : എന്തിനും ഏതിനും ചിറ്റൂരുകാർക്കൊപ്പം നിന്ന മുൻ എം.എൽ. എ. കെ. അച്യുതന്റെ മകൻ. സെന്റ്. ആൽബേർട്ട് കോളേജിൽ പ്രീഡിഗ്രിയ്ക്ക് പഠിക്കുന്ന കാലത്ത് കെ.എസ്.യു യൂണിറ്റ് ജനറൽ സെക്രട്ടറിയായിട്ടാണ് രാഷ്ട്രീയത്തുടക്കം.
2003 ൽ യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തു. തുടർന്ന് 2008 ൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റായി. ഇക്കാലയളവിൽ ഇടതുപക്ഷ സർക്കാരിന്റെ തെറ്റായ ഭരണ നയങ്ങൾക്കെതിരെ പാലക്കാട് കളക്ടറേറ്റ് മാർച്ച്, ഉപരോധം എന്നിവ ഉൾപ്പെടെ നിരവധി പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നൽകി. 2013 മുതൽ ഡി.സി.സി വൈസ് പ്രസിഡന്റ് ചുമതല നിർവഹിച്ചുവരുന്നു. 2017 ൽ മുതലമട അംബേദ്ക്കർ ഉന്നതിയിൽ ജാതി വിവേചനത്തിനെതിരെ പന്തിഭോജന സമരത്തിന് നേതൃത്വം നൽകി. മിൽമ ക്ഷീര കർഷകർക്ക് ഏർപ്പെടുത്തിയ കൺവെൻഷൻ ചാർജ്ജിനെതിരെ സമരം നയിച്ചു. പാലക്കാട് – പൊള്ളാച്ചി സംസ്ഥാന പാതയുടെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി വണ്ണാമട മുതൽ ഇരട്ടക്കുളം വരെ കാളവണ്ടി സമരം നടത്തി. ഈ സംസ്ഥാന പാതയിലെ കുഴികൾ 13 പേരുടെ മരണത്തിനിടയാക്കിയിരുന്നു. 
2018 ൽ ചിറ്റൂരിൽ നടപ്പാക്കിയ അഞ്ച് കമ്മ്യൂണിറ്റി മൈക്രോ ഇറിഗേഷൻ പദ്ധതി പൂർണ പരാജയമാണെന്ന് ചൂണ്ടിക്കാട്ടി ഇതിനെതിരെ ജനകീയ സംഗമം സംഘടിപ്പിച്ചു. പദ്ധതി പ്രകാരം ഒരു തുള്ളി വെള്ളം പോലും കർഷകർക്ക് ലഭിച്ചിട്ടില്ല. വ്യത്യസ്ത ചെലവിനത്തിൽ ഏക്കറിന് രണ്ടര ലക്ഷം മുതൽ നാല് ലക്ഷം രൂപ വരെയായി. 2018 ൽ കെ.പി.സി.സി യുടെ ഒബിസി വകുപ്പ് സംസ്ഥാന ചെയർമാൻ സ്ഥാനം ഏറ്റെടുത്തു. ഇക്കാലത്ത് 70 കോടി രൂപയുടെ ശിവഗിരി ടൂറിസം സർക്യൂട്ട് പദ്ധതി അട്ടിമറിച്ച കേന്ദ്ര, സംസ്ഥാന സർക്കാർ ഭരണ നടപടിക്കെതിരെ അരുവിപ്പുറം മുതൽ ശിവഗിരി വരെ പദയാത്ര സംഘടിപ്പിച്ചു. പാലക്കാട്ടുകാരുടെ അഭിമാന ബോധത്തിന് ക്ഷതമേറ്റതിൽ മനം നൊന്ത് ആത്മഹത്യ ചെയ്ത പാലക്കാട് മുൻ ജില്ലാ കളക്ടർ രത്നവല്ലി ചെട്ടിയാരുടെ ചരമദിനം കെ.പി.സി.സി. ഒ.ബി.സി വകുപ്പിന്റെ നേതൃത്വത്തിൽ ആത്മാഭിമാന ദിനമായി ആചരിക്കുന്നു. ഇതിനോടനുബന്ധിച്ച് സ്വാഭിമാന പുരസ്കാരവും ഏർപ്പെടുത്തിയിട്ടുണ്ട്.
കോവിഡ് കാലത്ത് ജനവിരുദ്ധ നടപടികൾക്കെതിരെ 48 മണിക്കൂർ ഓൺലൈൻ ഉപവാസം നടത്തി. കേന്ദ്ര സർക്കാർ കർഷക വിരുദ്ധ നടപടികൾക്കെതിരെ സംസ്ഥാന തലത്തിൽ തന്നെ ആദ്യമായി ട്രാക്ടർ കർഷക സമരം നടത്തി. 2025ൽ സപ്ലൈകോ കർഷകരുടെ നെല്ല് സംഭരിക്കാത്തതിനെത്തുടർന്ന് ഉത്രാടം, തിരുവോണം, അവിട്ടം എന്നീ ഓണ നാളുകളിൽ അണിക്കോട് ജംഗഷനിൽ നിരാഹാര സമരം നടത്തി. പറമ്പിക്കുളം – ആളിയാർ വെള്ളം ഒട്ടഛത്രത്തിലേയ്ക്ക് വഴി തിരിച്ച് വിടാനുള്ള തമിഴ്നാട് സർക്കാർ ശ്രമത്തിനെതിരെ സുമേഷ് അച്യുതന്റെ നേതൃത്വത്തിൽ ചിറ്റൂരിൽ ഏകദിന ഉപവാസമുൾപ്പെടെയുള്ള ജനകീയ പ്രക്ഷോഭങ്ങൾ നടന്നു. ഇതിനെത്തുടർന്ന് തമിഴ്നാട് സർക്കാർ ശ്രമം ഉപേക്ഷിച്ചു.
നിലവിൽ സുമേഷ് ചിറ്റൂർ – തത്തമംഗലം നഗരസഭ ചെയർമാനും ഇന്ത്യൻ ഫാർമേഴ്സ് ഫെർട്ടിലൈസർ കോപ്പറേറ്റീവ് ലിമിറ്റഡ് ( ഐ. എഫ്. എഫ്.സി. ഒ) ഡയറക്ടറുമാണ്. ഐ. എഫ്. എഫ്.സി.ഒ യിലെ 21 അംഗ ഡയറക്ടർ ബോർഡിൽ കേരളം, തമിഴ്നാട്, പുതുച്ചേരി മേഖലകളെയാണ് അദ്ദേഹം പ്രതിനിധാനം ചെയ്യുന്നത്. രാജ്യത്തെ അഞ്ചരക്കോടി കർഷകർക്ക് ഐ. എഫ്. എഫ്.സി. ഒ സഹകരണ സ്ഥാപനങ്ങൾ മുഖേന വളം എത്തിച്ചു നൽകുന്നു. കേരളത്തിലെ കർഷകരുടെ പ്രധാന പ്രശ്നമായിരുന്ന യൂറിയ ക്ഷാമം പരിഹരിക്കുന്നതിന് ഡയറക്ടർ എന്ന നിലയിൽ സുമേഷ് അച്യുതൻ മുൻകയ്യെടുത്തു. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ചിറ്റൂരിലെ ജനമനഃസാക്ഷി ഉണർത്തുന്നതിനായി നിയോജക മണ്ഡലത്തിൽ സ്വദേശ രക്ഷായാത്ര സംഘടിപ്പിച്ചു. 162 വാർഡുകൾ, 171 സ്വീകരണ കേന്ദ്രങ്ങൾ, എട്ട് പഞ്ചായത്തുകൾ, ഒരു നഗരസഭ ഉൾപ്പെടെ 14 ദിവസങ്ങളിലായി 271 കിലോമീറ്റർ പദയാത്ര നടത്തി.
രാഷ്ട്രീയ മേഖലയിൽ മാത്രമല്ല, കായിക മേഖലയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ സുമേഷിനായിട്ടുണ്ട്. 2011 മുതൽ എട്ടുവർഷക്കാലം ഫുട്ബോൾ അസോസിയേഷൻ ജില്ലാ പ്രസിഡന്റായി പ്രവർത്തിച്ചു. സംസ്ഥാന ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ പിസ്റ്റൽ ഇനത്തിൽ രണ്ടുതവണ വെളളി മെഡൽ നേടിയിട്ടുണ്ട്.
തത്തമംഗലം ചാലക്കളം സ്വദേശിയായ സുമേഷ് തത്തമംഗലം ചിന്മയ വിദ്യാലയം,ചിറ്റൂർ വിജയമാത സ്കൂളിലും ഗവ. ബോയ്സ് സ്കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. കർണാടക ഗുൽബർഗ് സിദ്ധാർത്ഥ ലോ കോളേജിൽ നിന്നും നിയമ ബിരുദവും കരസ്ഥമാക്കി. അമ്മ പരേതയായ സുധ അച്യുതൻ. സംരംഭകയായ സ്വപ്ന യാണ് ജീവിത പങ്കാളി. വിദ്യാർത്ഥികളായ മീനാക്ഷി, മഹാലക്ഷ്മി, മഹേശ്വരി എന്നിവരാണ് മക്കൾ. ഷീബ ഏക സഹോദരിയാണ്.