ചെർപ്പുളശ്ശേരി. നെല്ലായ മുതൽ കച്ചേരിക്കുന്ന് വരെ നാലുവരി പാത നല്ല രീതിയിൽ തന്നെ നിർമ്മിക്കുകയും രണ്ടു ഭാഗങ്ങളിലും കൈവരികൾ അടക്കം സ്ഥാപിച്ച് നടപ്പാത നിർമ്മിക്കുകയും ചെയ്തെങ്കിലും വാഹനങ്ങളുടെ പാർക്കിംഗ് കാരണം ജനങ്ങൾക്കും കച്ചവടക്കാർക്കും ഇത് ഒട്ടേറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. നിലവിൽ റോഡിൽ പാർക്ക് ചെയ്ത് എങ്ങോട്ടോ പോകുന്ന വാഹന ഉടമകൾ തന്നെയാണ് ഇവിടുത്തെ പ്രധാന പ്രശ്നം. ചെർപ്പുളശ്ശേരിയിൽ പാർക്കിംഗ് എന്നത് ഇപ്പോഴും വലിയ പ്രശ്നമായി നിലകൊള്ളുന്നതായി സ്വകാര്യ വാഹന ഉടമകൾ പറയുന്നു. സാധനങ്ങൾ വാങ്ങാൻ പല കടകളിലേക്കും ആർക്കും എത്തിപ്പെടാൻ കഴിയുന്നില്ല എന്നതും വ്യാപാരികളെ സംബന്ധിച്ചിടത്തോളം വലിയ പ്രശ്നമായി നിലകൊള്ളുന്നുണ്ട്
. വൻ വാടക കൊടുത്ത് കച്ചവടം ചെയ്യുന്ന കച്ചവടക്കാർക്ക് ഇതുമൂലം കച്ചവടം നഷ്ടത്തിൽ ആകുന്ന സ്ഥിതിയാണെന്ന് വ്യാപാരികൾ പറയുന്നു. ഇതിനെല്ലാം ശാശ്വത പരിഹാരം കാണേണ്ട അധികാരികൾ ആകട്ടെ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. വാഹനങ്ങൾ തിരിയേണ്ട ഇടങ്ങളിൽ പോലും അനധികൃത പാർക്കിംഗ് നടത്തി സ്വകാര്യ വാഹനങ്ങൾ ഇടുന്നത് മൂലം വലിയ ബുദ്ധിമുട്ടിലാണ് തങ്ങളെന്ന് ഓട്ടോക്കാരടക്കം പരാതികൾ പറയുന്നു. ചുരുക്കത്തിൽ നഗര നവീകരണം നടന്നിട്ടും അതിന്റെ ഫലം സാധാരണ ജനങ്ങൾക്ക് കിട്ടുന്നില്ല എന്നതാണ് വാസ്തവം.