anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

കെ .എസ്.ആർ.ടി.സി ഡ്രൈവിംഗ് സ്കൂളുകൾ ഇതിനോടകം നേടിയത് 2.48 കോടി രൂപ: മന്ത്രി കെ.ബി. ഗണേഷ്കുമാർ

ഗുരുവായൂർ. കെ.എസ്.ആർ.ടി.സി ഡ്രൈവിംഗ് സ്കൂളുകൾ ആരംഭിച്ച് അധികനാൾ ആവുമ്പോഴേക്കും മികച്ച പ്രതികരണമാണെന്നും ഇതിനോടകം തന്നെ 2.48 കോടി രൂപ നേടിയെന്നും ഗതാഗതവകുപ്പ് മന്ത്രി കെ.ബി. ഗണേഷ്കുമാർ പറഞ്ഞു. ഗുരുവായൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ എൻ.കെ. അക്ബർ എം.എൽ.എയുടെ പ്രാദേശിക ആസ്‌തിവികസന നിധിയിൽ നിന്നും അനുവദിച്ച നാല് കോടി രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന ബഹുനില കെട്ടിടത്തിന്റെ ശിലാസ്ഥാപനവും, ഗുരുവായൂർ യൂണിറ്റിൽ ആരംഭിക്കുന്ന ഡ്രൈവിംഗ് സ്‌കൂളിൻ്റെ ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഇതുവരെ 7,587 ആളുകൾ കെ.എസ്.ആർ.ടി.സി ഡ്രൈവിംഗ് സ്കൂളിൽ ചേരുകയും 3,282 പേർ ഇതിനോടകം പഠിച്ച് ലൈസൻസ് നേടുകയും ചെയ്തതായും ടെസ്റ്റ്‌ എഴുതിയവരിൽ 89 ശതമാനം ആളുകൾ പാസായതായും മന്ത്രി പറഞ്ഞു.

ഇന്ത്യയിൽ ആദ്യമായാണ് പബ്ലിക് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ഡ്രൈവിംഗ് സ്കൂൾ ആരംഭിക്കുന്നത്. നല്ലൊരു ഡ്രൈവിംഗ് സംസ്കാരം ഉണ്ടാക്കിയെടുക്കുക എന്നതും മിതമായ നിരക്കിൽ ഡ്രൈവിംഗ് പഠിപ്പിക്കുന്നതിന് പുറമെ എസ്.സി, എസ്.ടി വിഭാഗത്തിൽപ്പെട്ടവർക്കും ട്രാൻസ്ജൻഡർ വിഭാഗത്തിൽപ്പെട്ടവർക്കും 20 ശതമാനം ഇളവും കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് അഞ്ച് ശതമാനം ഫീസിളവും ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. തൃശ്ശൂരിനായി കെ.എസ്.ആർ.ടി.സിയുടെ രണ്ട് ഡബിൾ ഡെക്കർ ബസ് ഉടൻ വരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഓൺലൈൻ ഓർഡർ വഴി ഭക്ഷണം സീറ്റിൽ എത്തുന്ന സൗകര്യങ്ങളും പാൻട്രി സംവിധാനവും ടോയ്‌ലറ്റ് ഉൾപ്പെടെയുള്ള സംവിധാനങ്ങളുമുള്ള അത്യാധുനിക നിലവാരത്തിലുള്ള ബിസിനസ് ക്ലാസ് ബസുകൾക്കുള്ള പേപ്പർ വർക്കുകൾ ചെയ്തു കഴിഞ്ഞതായും മന്ത്രി പറഞ്ഞു. വിവിധ കെ.എസ്.ആർ.ടി.സി സ്റ്റാന്റുകളിൽ പെട്രോൾ പമ്പുകൾ പ്രവർത്തനം ആരംഭിക്കുകയും സമ്പൂർണ ഡിജിറ്റലൈസേഷൻ നടത്തുകയും ചെയ്തതായും മന്ത്രി കൂട്ടിച്ചേർത്തു.

പുതിയതായി വന്ന വണ്ടികളിലെല്ലാം പ്രായമായവർക്ക് കൂടി അനായാസേന കയറാവുന്ന വിധത്തിൽ താഴ്ത്തി വച്ച പടികളാണ് വെച്ചിരിക്കുന്നത്. കെ.എസ്.ആർ.ടി.സിയെ നഷ്ടത്തിൽ നിന്ന് കരകയറ്റിയത് ടിക്കറ്റ് നിരക്ക് വർധിപ്പിച്ചല്ലെന്നും പകരം കാര്യക്ഷമത വർധിപ്പിച്ചാണെന്നും
അത് സാധ്യമായത് കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ സഹകരണം കൊണ്ടാണെന്നും മന്ത്രി പറഞ്ഞു.

ഗുരുവായൂരിൽ ശിലാസ്ഥാപനം നടത്തിയ ബഹുനില കെട്ടിടത്തിൽ 6,800 ചതുരശ്ര അടിയിലായി ആറ് സ്യൂട്ട് റൂമുകളും ഒരു ഡോർമെറ്ററിയും ഒരു റസ്റ്റോറന്റും ആധുനിക ശൗചാലയങ്ങളുമാണ് ക്രമീകരിച്ചിരിക്കുന്നത്.

ചടങ്ങിൽ എൻ.കെ. അക്ബർ എംഎൽഎ അധ്യക്ഷത വഹിച്ചു. പിഡബ്യുഡി എക്‌സി. എഞ്ചിനീയർ സന്തോഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ഒരുമനയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് താഹ, വാർഡ് കൗൺസിലർ കൃഷ്‌ണപ്രിയ, കെ.എസ്.ആർ.ടി.സി ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടർ പി.എസ് പ്രമോജ് ശങ്കർ, തിരുവനന്തപുരം എസ്.ടി.സി പ്രിൻസിപ്പാൾ ആർ.എസ്. സലീംകുമാർ, ഡിസ്ട്രിക്ട് ട്രാൻസ്പോർട്ട് ഓഫീസർ കെ.പി രാധാകൃഷ്‌ണൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി.ടി. ശിവദാസൻ, പൂജപ്പുര രാധാകൃഷ്‌ണൻ, ടി.പി. ഷാഹു, സെയ്ദാലിക്കുട്ടി, ആർ.വി അബ്ദുറഹീം, ബെന്നി, അബ്ദുൾ ഗഫൂർ, മോഹൻദാസ്, സൈമൺ മാസ്‌റ്റർ തുടങ്ങിയവർ പങ്കെടുത്തു.

Spread the News

Leave a Comment