കൊച്ചി. രാഹുൽ മാങ്കൂട്ടം എംഎൽഎ യെ രഹസ്യ നടപടികളിലൂടെ കസ്റ്റഡിയിൽ എടുത്ത പോലീസ് നടപടിയിൽ നാല് ആഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കുവാൻ നിർദ്ദേശിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് സമർപ്പിച്ച പരാതിയിലാണ് ഇത് സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവിയോട് കമ്മീഷൻ ചെയർപേഴ്സണൽ ജസ്റ്റിസ് അലക്സാണ്ടർ തോമസ് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.

രാഹുൽ മാങ്കൂട്ടത്തിന് എതിരായി രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളുടെ എഫ് ഐ ആർ പകർപ്പും റിമാൻഡ് റിപ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ ഉൾകൊള്ളിക്കുന്ന വിശദറിപ്പോർട്ട് ആണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടത്.
ജയിലിൽ ആക്കുമെന്ന പോലീസിൻ്റെ രഹസ്യ അജണ്ടയാണ് നടപ്പിലാക്കിയത്. പരാതി പോലീസ് മറച്ച് വച്ച് കേസിൽ ആരോപണ വിധേയന് ഭാഗം വ്യക്തമാക്കുവാൻ അവസരം നൽകുന്നതിന് മുമ്പ് രഹസ്യ അറസ്റ്റ് നടത്തുകയുണ്ടായി. രാഹുൽ മാങ്കൂട്ടത്തിനെതിരെ എടുത്ത ആദ്യത്തെയും രണ്ടാമത്തെയും കേസുകളിൽ അറസ്റ്റ് ചെയ്യുവാൻ പോലീസ് നടത്തി നീക്കങ്ങൾ കോടതി ഇടപെടലിൽ ഫലം കണ്ടില്ല ഇതിൽ പോലീസിൽ ചിലർ അസ്വസ്ഥരാണ്. മൂന്നാമത് എടുത്ത കേസിലെ പരാതി വിദേശത്ത് നിന്ന് ആഭ്യന്തര വകുപ്പിന് ഇമെയിൽ മുഖേന ലഭിച്ചതാണ്. പരാതിക്കാരിയെ അറിയാമോയെന്ന് കൂടി ആരോപണ വിധേയനോട് പോലീസ് അന്വേഷിക്കുന്നതിന് മുമ്പ് രഹസ്യ അറസ്റ്റ് നടത്തി. പരാതിക്കാരിയെ പോലീസ് ഇതുവരെ നേരിട്ട് കണ്ടിട്ടില്ല. പ്രായ പൂർത്തിയായവർ തമ്മിലുള്ള ലൈംഗിക പ്രവൃത്തികൾ പിന്നീട് പരാതിയായി മാറുമ്പോൾ ഇരു വിഭാഗത്തിനും ഭാഗം വ്യക്തമാക്കുവാൻ അവസരവും പരാതിയിൽ പ്രാഥമിക അന്വേഷണവും പൂർത്തിയാക്കേണ്ടതുണ്ട്. പരാതിയിൽ പറയുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയുവാൻ ആരോപണ വിധേയന് അവകാശമുണ്ട്. ഇത്തരം നടപടിക്രമങ്ങൾ പൂർത്തിയാക്കാതെ ആരോപണ വിധേയന്റെ നിയമ അവകാശങ്ങളെ അട്ടിമറിച്ച് കൊണ്ടാണ് രാഹുൽ മാങ്കൂട്ടത്തെ മിന്നൽ വേഗതയിലുള്ള അറസ്റ്റിന് വിധേയമാക്കിയത്. മുൻകൂർ ജാമ്യ ഹർജി തടയുന്നതിനും ഇതിലൂടെ പൗരന്റെ അവകാശത്തെ അട്ടിമറിക്കുവാനുമാണ് ശ്രമം. മൊഴി പഠിപ്പിച്ച് എടുത്ത കേസിൽ രഹസ്യ അറസ്റ്റിന് പിന്നിൽ മറഞ്ഞിരിക്കുന്ന പോലീസിന്റെ മനുഷ്യാവകാശ അനീതികളും താല്പര്യങ്ങളും അപകടകരമാണ്. നീതിന്യായ വ്യവസ്ഥിതിയെ അപ്രസക്തമാക്കി പലതും ചെയ്ത് കാണിക്കുവാൻ കഴിയുമെന്ന പോലീസ് ബോധ്യപ്പെടുത്തലാണ് ഉണ്ടായിരുന്നതെന്നും പ്രായപൂർത്തിയായവരുടെ പരസ്പര സമ്മതപ്രകാരമുള്ള ലൈംഗിക പ്രവൃത്തികളിൽ കേസ് ആക്കാൻ എടുക്കുന്ന വകുപ്പുകൾ വിചാരണ വേളയിൽ വിട്ട് പോകുമെന്ന് അഡ്വ. കുളത്തൂർ ജയ്‌സിങ് അഭിപ്രായപ്പെട്ടു.
കേസും അറസ്റ്റും നടത്തുവാൻ പൊലീസിന് അധികാരമുണ്ടെങ്കിലും ആരോപണ വിധേയർക്കുള്ള അവകാശം അട്ടിമറിക്കുന്നതും നിഷേധിക്കുന്നതും നിയമപരമായി അംഗീകരിക്കുവാൻ കഴിയില്ല. ഇത്തരം നിലപാടുകൾ തിരുത്തുവാൻ വേണ്ട നിർദ്ദേശം കമ്മീഷന്റെ ഭാഗത്ത് നിന്ന് ആവശ്യമെന്നും അഡ്വ. കുളത്തൂർ ജയ്‌സിങ് പരാതിയിൽ ആവശ്യപ്പെടുന്നു.
കഴിഞ്ഞ ജനുവരി 10 അർദ്ധരാത്രിയാണ് രാഹുൽ മാങ്കൂട്ടത്തെ പത്തനംതിട്ടയിലെ പോലീസ് സംഘം പാലക്കാട് നിന്നും അറസ്റ്റ് ചെയ്തത്. രഹസ്യമായി കസ്റ്റഡിയിലെടുത്തിനെതിരെ പിറ്റേ ദിവസം തന്നെ അഡ്വ. കുളത്തൂർ ജയ്‌സിങ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിൽ ഇത് സംബന്ധിച്ച് പരാതി നല്കിയിരുന്നു. കസ്റ്റഡിയിൽ എടുത്തശേഷമാണ് രാഹുൽ മാങ്കൂട്ടത്തെ പ്രതി ചേർത്ത് പഴയ തിയതി കാണിച്ച് എഫ് ഐ ആർ പുറത്തുവിട്ടതെന്ന് അഡ്വ. കുളത്തൂർ ജയ്‌സിങ് പറഞ്ഞു. കേസിനോട് സഹകരിക്കുന്നവരെ രഹസ്യമായി കസ്റ്റഡിയിൽ എടുക്കാൻ പാടില്ലെന്ന് ദിവസങ്ങൾക്കും മുമ്പും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.