anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ഭിന്നശേഷി സൗഹൃദ മാതൃകാ ഭവനമൊരുക്കി ഡിഫറന്റ് ആര്‍ട് സെന്റര്‍ മാജിക് ഹോം – പാലക്കാട് ജില്ലയിലെ ഭവനത്തിന്റെ താക്കോല്‍ദാനം നാളെ

ഒറ്റപ്പാലം/പാലക്കാട്: സംസ്ഥാനത്ത് സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്ത ഭിന്നശേഷിക്കാര്‍ക്ക് ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ സൗജന്യമായി ഭിന്നശേഷി സൗഹൃദ വീടുകള്‍ നിര്‍മിച്ചു നല്‍കുന്ന മാജിക്ക് ഹോം പദ്ധതിയുടെ പാലക്കാട് ജില്ലയിലെ താക്കോല്‍ദാനം നാളെ (ചൊവ്വ) രാവിലെ 11ന് നടക്കും. ഒറ്റപ്പാലം വരോട് നടക്കുന്ന ചടങ്ങില്‍ ചെറുകഥാകൃത്ത് വൈശാഖന്‍, നടനും സംവിധായകനുമായ ലാല്‍ജോസ്, ഡിഫറന്റ് ആര്‍ട് സെന്റര്‍ ചെയര്‍മാന്‍ ജിജി തോംസണ്‍ ഐ.എ.എസ്, എക്സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, സ്മാര്‍ട്ട് അസോസിയേറ്റ്‌സ് എം.ഡി മനോജ് കുമാര്‍ കാഞ്ഞിരത്തൊടി എന്നിവര്‍ ചേര്‍ന്ന് വീടിന്റെ താക്കോല്‍ കൈമാറും.
വരോട് സ്വദേശി രജീന-മുഹമ്മദ് റഷീദ് ദമ്പതികളുടെ കേള്‍വിപരിമിതരായ മക്കള്‍ മുഹമ്മദ് റഫാല്‍, റിഫാന എന്നിവർക്കാണ് പദ്ധതി പ്രകാരം വീട് ലഭിച്ചത്Whatsapp Image 2026 01 02 At 4.20.26 Pm

.  ജില്ലയില്‍ നിന്നും ലഭിച്ച നിരവധി അപേക്ഷകളില്‍ നിന്നും ഡിഫറന്റ് ആര്‍ട് സെന്റര്‍ നിശ്ചയിച്ച മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഏറ്റവും അനുയോജ്യമായ കുടുംബത്തിനാണ് വീട് നിര്‍മിച്ചു നല്‍കുന്നത്. സ്മാര്‍ട്ട് അസോസിയേറ്റ്‌സിന്റെ നേതൃത്വത്തില്‍ ഗൗരി ശങ്കര്‍ ആണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി വരോട് സ്വദേശി ഖാദര്‍ നല്‍കിയ 5 സെന്റ് ഭൂമിയില്‍ 620 ചതുരശ്രഅടിയില്‍ നിര്‍മിച്ചിട്ടുള്ള വീട്ടില്‍ കേള്‍വിപരിമിതര്‍ക്കനുയോജ്യമായ സൗകര്യങ്ങള്‍, വീല്‍ ചെയര്‍ കടന്നുപോകാന്‍ പാകത്തിലുള്ള റാമ്പ്, ഭിന്നശേഷി സൗഹൃദ ബാത്ത്റൂം തുടങ്ങിയവയാണ് ക്രമീകരിച്ചിട്ടുള്ളത്.
ഡി.എ.സി യുടെ സംരംഭമായ മാജിക് ഹോംസ് പദ്ധതിയുടെ ഭാഗമായി ഓരോ ജില്ലയിലും ഒരു വീട് എന്ന നിലയില്‍ 14 ഭിന്നശേഷി സൗഹൃദ മാതൃകാ ഭവനങ്ങളാണ് നിര്‍മ്മിച്ചു കൈമാറുന്നത്. ഗുണഭോക്താവിന്റെ പ്രത്യേക പരിമിതികള്‍ക്ക് അനുസൃതമായാണ് ഓരോ വീടും നിര്‍മ്മിക്കുന്നത്.  ഇത്തരത്തില്‍ എല്ലാ ജില്ലയിലും ഗുണഭോക്താക്കളെ കണ്ടെത്തി വീടുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരികയാണ്. ഇതിനോടകം കാസര്‍ഗോഡ്, ഇടുക്കി, മലപ്പുറം, വയനാട്, തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട് ജില്ലകളില്‍ വീടുകള്‍ പൂര്‍ത്തിയാക്കി ഗുണഭോക്താക്കള്‍ക്ക് കൈമാറിയിരുന്നു.  മാജിക് ഹോംസ് പദ്ധതിക്കു കീഴില്‍ നിര്‍മ്മിച്ച ഭിന്നശേഷി സൗഹൃദങ്ങളായ വീടുകള്‍ മാതൃകയാക്കി സമാന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് ജീവകാരുണ്യ സംഘടനകള്‍ക്കും വ്യക്തികള്‍ക്കും ഇതുപോലെയുള്ള വീടുകള്‍ നിര്‍മിച്ചു നല്‍കാന്‍ പ്രചോദനമാകുമെന്ന വിശ്വാസത്തിലാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് സൂത്രധാരന്‍ കൂടിയായ ഗോപിനാഥ് മുതുകാട് പറഞ്ഞു.

Spread the News

Leave a Comment