anugrahavision.com

Onboard 1625379060760 Anu

ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്റെ ‘ഹൃദയസംഗമം’ സെപ്റ്റംബര്‍ 29ന് കൊച്ചിയില്‍*

കൊച്ചി: ലോക ഹൃദയദിനാചരണത്തിന്റെ ഭാഗമായി ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷനും ലിസി ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഹൃദയസംഗമം’ സെപ്റ്റംബര്‍ 29ന് കൊച്ചി ഐഎംഎ ഹാളില്‍ നടക്കും. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ രോഗികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ഒത്തുചേരലാണ് ഹൃദയസംഗമം. രാവിലെ 9.30 നടക്കുന്ന ചടങ്ങ് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യുമെന്ന് ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. ജോസ് ചാക്കോ പെരിയപുരം, ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍ സെക്രട്ടറി രാജു കണ്ണമ്പുഴ, ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍ ട്രസ്റ്റീ ഡോ. ജേക്കബ് ഏബ്രഹാം, ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍ സി.ഒ.ഒ ലിമി റോസ് ടോം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കൊച്ചി മെട്രോ റെയില്‍ മാനേജിങ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റ മുഖ്യാതിഥിയാകും.
ഈ വര്‍ഷത്തെ ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് റിനൈ മെഡിസിറ്റിയിലെ അനസ്തേഷ്യ ആന്‍ഡ് ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം മേധാവിയും ലീഡ് കണ്‍സള്‍ട്ടന്റുമായ ഡോ. ഏബ്രഹാം ചെറിയാന് സമ്മാനിക്കും. പ്രശംസാപത്രവും ഫലകവും 50000 രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം. കാര്‍ഡിയാക് അനസ്തേഷ്യയില്‍ ഡിഎം സര്‍ട്ടിഫിക്കറ്റ് കോഴ്സിന് തുടക്കം കുറിച്ച പ്രമുഖ വ്യക്തിയാണ് ഡോ. ഏബ്രഹാം. ദേശിയ, അന്തര്‍ദേശിയ മെഡിക്കല്‍ ജേണലുകള്‍ ഇദ്ദേഹത്തിന്റെ നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവയവമാറ്റ ശസ്ത്രക്രിയ ഉള്‍പ്പെടെ സങ്കീര്‍ണമായ കേസുകള്‍ കൈകാര്യം ചെയ്തിട്ടുള്ള ഡോ. ഏബ്രഹാമിന് ചികിത്സാ മേഖലയില്‍ മുപ്പത് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുണ്ട്. ഹൃദയ സംഗമത്തിൽ ഹൃദയാരോഗ്യത്തെ സംബന്ധിച്ച് വിദഗ്ദ്ധര്‍ നയിക്കുന്ന ക്ലാസ്, പാനല്‍ ചര്‍ച്ച എന്നിവയും നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Spread the News
0 Comments

No Comment.