കടുത്തുരുത്തി, 06-06-2026: ആധുനിക സാങ്കേതികവിദ്യയുടെ അനന്തസാധ്യതകൾ സാധാരണക്കാരിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ഇമ്മാനുവൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കടുത്തുരുത്തി നിയോജകമണ്ഡലത്തിൽ നടപ്പിലാക്കുന്ന 100% എഐ സാക്ഷരതാ പദ്ധതി ‘എഐ -ഐക്യം’ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇൻ കടത്തുരുത്തി അഡ്വാൻസ്മെന്റ് മിഷൻ) തുടക്കമായി. കടുത്തുരുത്തിയിൽ നടന്ന പരിപാടിയിൽ കേരള ജലവിഭവ- ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ: മോൻസ് ജോസഫ് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. ഇമ്മാനുവൽ ഫൗണ്ടേഷനും അതിന്റെ മാനേജിംഗ് ട്രസ്റ്റി ഡോ. ജോസഫ് സണ്ണി കുന്നശ്ശേരിയുമാണ് ഈ മാതൃകാപരമായ പദ്ധതിയുടെ പിന്നിൽ പ്രവർത്തിക്കുന്നത്. ചടങ്ങിൽ എംപി ഫ്രാൻസ് ജോർജ് മുഖ്യസാന്നിധ്യമായിരുന്നു.
“വിരൽത്തുമ്പിൽ ഇനി വിശ്വം നേടാം” എന്ന ടാഗ്‌ലൈനോടെ ഇമ്മാനുവൽ ഫൗണ്ടേഷൻ വിഭാവനം ചെയ്ത ഈ മിഷൻ, കടുത്തുരുത്തിയെ കേരളത്തിലെ തന്നെ ആദ്യത്തെ ‘സമ്പൂർണ്ണ എഐ സാക്ഷരതാ മണ്ഡലം’ ആയി മാറ്റിയെടുക്കാനുള്ള ബൃഹത്തായ ജനകീയ മുന്നേറ്റമാണ്. താഴെത്തട്ടിലുള്ള ജനങ്ങളിലേക്ക് വരെ സാങ്കേതികവിദ്യ എത്തിക്കാനുള്ള ഈ ഫൗണ്ടേഷന്റെയും ഡോ. ജോസഫ് സണ്ണിയുടെയും ദീർഘവീക്ഷണത്തെ ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രിയും എം പിയും പ്രത്യേകം അഭിനന്ദിച്ചു.
ജലവിഭവ വകുപ്പിന്റെ ചുമതലയുള്ളതിനാൽ തന്നെ, മണ്ഡലത്തിലെ കുടിവെള്ള പ്രശ്നങ്ങളും ഗതാഗത സൗകര്യങ്ങളുമായി ബന്ധപ്പെട്ട പ്രതിസന്ധികളും പരിഹരിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് മന്ത്രി അഡ്വ: മോൻസ് ജോസഫ് പറഞ്ഞു. ഇതിനോടകം കടുത്തുരുത്തിയിലെ റോഡ് ഗതാഗത നവീകരണ പ്രവൃത്തികൾക്ക് തുടക്കം കുറിച്ചതായും കുടിവെള്ള ക്ഷാമം പൂർണ്ണമായി പരിഹരിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.
മാറുന്ന ഡിജിറ്റൽ ലോകത്ത് കൃത്രിമബുദ്ധി (എഐ) സാധാരണക്കാരുടെ നിത്യജീവിത ഉപാധിയായി മാറേണ്ടതിന്റെ ആവശ്യകത ചടങ്ങിൽ ചൂണ്ടിക്കാട്ടി. ഇമ്മാനുവൽ ഫൗണ്ടേഷൻ പ്രതിനിധികളും, സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും, ജനപ്രതിനിധികളും പങ്കെടുത്തു.