anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

ഉത്തരാഖണ്ഡ് ഗോൾഡ് കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിന് ക്വാർട്ടറിൽ തോൽവി

ഡെറാഡൂൺ – ഉത്തരാഖണ്ഡ് ഗോൾഡ് കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തെ തോൽപ്പിച്ച് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ടീം സെമിഫൈനലിലേക്ക് മുന്നേറി. അഞ്ച് വിക്കറ്റിനായിരുന്നു കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ടീമിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 331 റൺസെടുത്തു. മഴയെ തുടർന്ന് വിജയലക്ഷ്യം 24 ഓവറിൽ 201 റൺസായി പുതുക്കി നിശ്ചയിച്ച മത്സരത്തിൽ മൂന്ന് പന്തുകൾ ബാക്കി നിൽക്കെ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ടീം വിജയത്തിലെത്തി.

കേരളം 50 ഓവറിൽ 331/8, കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ടീം – 23.3 ഓവറിൽ 205/5

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളത്തിന് രോഹൻ കുന്നുമ്മലും കൃഷ്ണപ്രസാദും ചേർന്ന് മികച്ച തുടക്കം നൽകി. കൃഷ്ണപ്രസാദ് 22ഉം രോഹൻ 45ഉം റൺസെടുത്തു. തുടർന്നെത്തിയവരും മികച്ച രീതിയിൽ ബാറ്റ് വീശിയതോടെ കേരളത്തിന്റെ സ്കോർ 300 കടന്ന് മുന്നേറി. അഹ്മദ് ഇമ്രാൻ 65ഉം ഷോൺ റോജർ 44 റൺസും നേടി. കഴിഞ്ഞ മത്സരത്തിലെ മികച്ച ഫോം തുടർന്ന മുഹമ്മദ് അസറുദ്ദീൻ 29 പന്തുകളിൽ 40ഉം ക്യാപ്റ്റൻ സൽമാൻ നിസാർ 61 പന്തുകളിൽ 75ഉം റൺസ് നേടി. കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ടീമിനു വേണ്ടി മൃൺമോയ് ദത്ത, ദേബബ്രത പ്രധാൻ, സുമിത് മാഥുർ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ടീമിന് ശുഭം സിങ്ങിന്റെ ഉജ്ജ്വല ഇന്നിങ്സാണ് വിജയം ഒരുക്കിയത്. ഒരു വശത്ത് വിക്കറ്റുകൾ മുറയ്ക്ക് വീണെങ്കിലും മറുവശത്ത് ഉറച്ചുനിന്ന ശുഭം സിങ് 82 റൺസുമായി പുറത്താകാതെ നിന്നു. 54 പന്തുകളിൽ ഒൻപത് ഫോറും മൂന്ന് സിക്സുമടങ്ങുന്നതായിരുന്നു ശുഭമിന്റെ ഇന്നിങ്സ്. ലക്ഷ് 30 റൺസും നേടി. കേരളത്തിന് വേണ്ടി ആദിത്യ ബൈജു, ഷോൺ റോജ‍ർ, സിജോമോൻ ജോസഫ്, അശ്വന്ത് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Spread the News

Leave a Comment