തിരുവനന്തപുരം. കൂറ്റൻ ട്രക്കുകൾ ഓടിച്ച് രാജ്യം മുഴുവൻ സഞ്ചരിക്കുകയും അവയെല്ലാം വീഡിയോയിൽ പകർത്തി പ്രചരിപ്പിക്കുകയും ചെയ്തുവരുന്ന പുത്തേറ്റ് ട്രാവൽ ബ്ലോഗ് കുടുംബത്തിലെ അംഗങ്ങളെ സ്വീകരിച്ച് ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ മാതൃകയായി. വലിയൊരു സന്ദേശമാണ് ഈ കുടുംബം കേരളത്തിലെ ജനതയ്ക്ക് നൽകുന്നതെന്ന് സിപി ജോൺ പറഞ്ഞു. സ്ത്രീകൾ ഒരിക്കലും ഇഷ്ടപ്പെടാത്ത ഒരു ജോലിയായിരുന്നു ട്രക്ക് ഡ്രൈവർ എന്നത്. എന്നാൽ അതിനെയെല്ലാം മറികടന്നു കൊണ്ട് തങ്ങൾക്ക് ഈ ജോലി ചെയ്യാമെന്നും അത് വിജയകരമായി എങ്ങനെ ചെയ്യാം എന്നും കേരള ജനതയ്ക്ക് പറഞ്ഞുകൊടുത്ത ഒരു കുടുംബമാണ് പുത്തേറ്റ് കുടുംബം എന്നും, ഗതാഗത വകുപ്പ് മന്ത്രി പറഞ്ഞു. കോട്ടയത്തുള്ള ജലജ എന്ന വീട്ടമ്മയാണ് ലോറി ഓടിച്ച് രാജ്യം മുഴുവൻ സഞ്ചരിച്ച് പല ഭാഗങ്ങളിലും കേരളത്തിൽ നിന്നുള്ള ലോഡുകൾ എത്തിച്ചു നൽകിയത്. മകൾ സൂര്യ ഇതേ പാത സ്വീകരിച്ചു. ഭർത്താവ് രതീഷിന്റെ നിർലോഭമായ സഹകരണം കൊണ്ട് 30 ലോറികൾ സ്വന്തമായി ഇപ്പോൾ ഇവർക്ക് ഉണ്ട്. ഇവർ കുടുംബത്തോടെ നടത്തിയ കാരവൻ യാത്ര രസകരമായി അവതരിപ്പിച്ചതും ജനങ്ങൾക്ക് അത് വളരെയധികം ഇഷ്ടമായതും നമ്മളെല്ലാം കണ്ടതാണ്.
സി പി ജോണിന്റെ വീട്ടിലേക്ക് ലോറിയിൽ തന്നെയാണ് ഈ കുടുംബം എത്തിയത്. തന്റെ ഔദ്യോഗിക വസതിയിൽ അവരെ സ്വീകരിച്ച് രാവിലെ പ്രഭാത ഭക്ഷണം നൽകിയാണ് സിപി ജോൺ കുടുംബത്തെ യാത്രയാക്കിയത്. തങ്ങളുടെ ജീവിതത്തിലെ അവിസ്മരണീയമായ ഒരു ദിവസമായിരുന്നു അതെന്ന് ഫോട്ടോ സഹിതം ഫേസ്ബുക്കിൽ കുറിക്കാനും പുത്തേറ്റ് കുടുംബം മറന്നില്ല.