തിരുവനന്തപുരം : വലിയ തുക ചെലവഴിച്ച് വമ്പൻ താരങ്ങളെ ടീമിലെത്തിച്ച് ശക്തമായൊരു തിരിച്ചുവരവിനൊരുങ്ങുകയാണ് കെസിഎൽ മൂന്നാം സീസണിൽ ആലപ്പി റിപ്പിൾസ്. സീസണിലെ ഏറ്റവും വിലകൂടിയ താരമായി മാറിയ സിബിൻ പി. ഗിരീഷിനെ കടുത്ത ലേലത്തിനൊടുവിലാണ് ആലപ്പി സ്വന്തമാക്കിയത്. അനുവദിക്കപ്പെട്ട 50 ലക്ഷം രൂപയും പൂർണ്ണമായി വിനിയോഗിച്ച്, സച്ചിൻ ബേബിയെപ്പോലുള്ള മുൻനിര മാച്ച് വിന്നർമാരെ ഉൾപ്പെടുത്തി ശക്തമായൊരു ടീമിനെയാണ് ഇത്തവണ റിപ്പിൾസ് കെട്ടിപ്പടുത്തിരിക്കുന്നത്.
മുഹമ്മദ് അസ്ഹറുദ്ദീനെയും ജലജ് സക്സേനയെയും മാത്രമായിരുന്നു ഇത്തവണ ആലപ്പി റിപ്പിൾസ് നിലനിർത്തിയത്. ബാക്കി 14 താരങ്ങളെക്കൂടി ടീമിലെത്തിച്ച് അനുവദിക്കപ്പെട്ട 50 ലക്ഷം രൂപ പൂർണ്ണമായും ചെലവഴിച്ചാണ് ആലപ്പി റിപ്പിൾസ് ലേലം അവസാനിപ്പിച്ചത്. ഓൾറൗണ്ടർ സിബിൻ പി. ഗിരീഷിനെ 11.80 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയതാണ് ഇത്തവണ ആലപ്പിയുടെ ഏറ്റവും വലിയ നേട്ടം. കാലിക്കറ്റും തൃശൂരും കൊച്ചിയും ഉയർത്തിയ കടുത്ത വെല്ലുവിളി മറികടന്നാണ് സിബിനെ ആലപ്പി സ്വന്തമാക്കിയത്. കഴിഞ്ഞ എൻ.എസ്.കെ. ട്രോഫിയിലടക്കം മികച്ച ഫോമിലായിരുന്ന സിബിന്റെ സാന്നിധ്യം ടീമിന് വലിയൊരു മുതൽക്കൂട്ടാവും.
സ്റ്റാർ ബാറ്റർ സച്ചിൻ ബേബിയെ 10 ലക്ഷം രൂപയ്ക്കാണ് ആലപ്പി ടീമിലെത്തിച്ചത്. സിബിൻ ഗിരീഷിനും, സച്ചിൻ ബേബിക്കുമായി മാത്രം 21.80 ലക്ഷം രൂപ മാറ്റിവെച്ച ആലപ്പിയുടെ തന്ത്രം ലേലത്തിൽ ഏറെ ശ്രദ്ധേയമായി. സച്ചിൻ ബേബിയും മുഹമ്മദ് അസ്ഹറുദ്ദീനും ജലജ് സക്സേനയും അഭിജിത്ത് പ്രവീണും സിബിൻ ഗിരീഷും ചേരുമ്പോൾ സ്ഫോടനാത്മകമായൊരു ബാറ്റിങ് നിരയാണ് ഇത്തവണ ആലപ്പിയുടേത്. കൂടാതെ കരുത്തുറ്റ ഓൾറൗണ്ടർമാരുടെ നീണ്ടൊരു നിരയും ഇത്തവണ ടീമിന്റെ കരുത്താണ്. അഭിജിത് പ്രവീണിനെ ആറ് ലക്ഷം രൂപയ്ക്കാണ് ടീം സ്വന്തമാക്കിയത്. ഇതിനു പുറമെ ശ്രീരൂപ് എം. പി., അക്ഷയ് ടി. കെ., ആഷിഖ് അലി, അമൽ രാജ് എന്നിവരും ഓൾറൗണ്ടർമാരായി ടീമിനൊപ്പമുണ്ട്. എൻ.എസ്.കെ. ട്രോഫിയിലുടനീളം ബാറ്റിങ്ങിലും ബോളിങ്ങിലും തിളങ്ങിയ താരമാണ് ആഷിഖ് അലി.
സിബിൻ ഗിരീഷും അജയഘോഷും അജിത് രാജും അഖിൽ ദേവുമടങ്ങുന്ന ബൗളിങ് നിരയും ശക്തമാണ്. കൂറ്റൻ ഷോട്ടുകളിലൂടെ സ്കോർ ഉയർത്താൻ കെൽപ്പുള്ള അരുൺ കെ. എ.യെ ടീമിലെത്തിക്കാനായത് ടീമിന് നേട്ടമായിട്ടുണ്ട്. വിക്കറ്റ് കീപ്പർ ബാറ്ററായി ആകാശ് പിള്ളയെയും ടീമിലെത്തിച്ചു. പരിചയസമ്പന്നരുടെ നീണ്ടൊരു നിരയ്ക്കൊപ്പം യുവത്വം ഒത്തിണങ്ങുന്ന സന്തുലിതമായൊരു ടീമാണ് ഇത്തവണ ആലപ്പിയുടേത്. അതുകൊണ്ട് മൂന്നാം സീസണിൽ ടീമിൽ വലിയ പ്രതീക്ഷ അർപ്പിക്കുകയാണ് ആരാധകർ.
ആലപ്പി റിപ്പിൾസ്:
ജലജ് സക്സേന (₹ 5.00 L), മുഹമ്മദ് അസ്ഹറുദ്ദീൻ (₹ 7.50 L), അഭിജിത് പ്രവീൺ (₹ 6.00 L), സച്ചിൻ ബേബി (₹ 10.00 L), അക്ഷയ് ടി. കെ. (₹ 1.50 L), വിനിൽ ടി. എസ്. (₹ 0.95 L), ആകാശ് പിള്ള (₹ 0.75 L), ശ്രീരൂപ് എം. പി. (₹ 0.80 L), അരുൺ കെ. എ. (₹ 0.75 L), അഖിൽ ദേവ് (₹ 0.75 L), അജ്നാസ് കെ. (₹ 0.85 L), ആഷിഖ് അലി (₹ 0.75 L), അമൽ രാജ് ആർ. (₹ 0.75 L), സിബിൻ ഗിരീഷ് (₹ 11.80 L), അജയഘോഷ് എൻ. എസ്. (₹ 1.10 L), അജിത് രാജ് (₹ 0.75 L)