anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

1,500 കിലോമീറ്റർ അകലെ നിന്ന് ശസ്ത്രക്രിയ: ആസ്റ്റർ മെഡ്‌സിറ്റിയിൽ ചരിത്രം കുറിച്ച് ടെലി-റോബോട്ടിക് സർജറി

കൊച്ചി, 09-07-2026: നേരിട്ടുള്ള ശാരീരിക സമ്പർക്കമില്ലാതെ, വിദൂര റോബോട്ടിക് കണക്ഷനിലൂടെ സങ്കീർണ്ണമായ ശസ്ത്രക്രിയകൾ സുരക്ഷിതമായി ചെയ്യാൻ കഴിയുമെന്ന് തെളിയിച്ചുകൊണ്ട്, കേരളത്തിലെ ആദ്യത്തെ ടെലി-റോബോട്ടിക് യൂറോളജി ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ആസ്റ്റർ മെഡ്‌സിറ്റി. പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന അത്യാധുനിക ശസ്ത്രക്രിയയായ ‘റോബോട്ട് അസിസ്റ്റഡ് റാഡിക്കൽ പ്രോസ്റ്റെറ്റെക്ടമി’ (ആർഎആർപി) ആണ് രോഗിക്ക് വിധേയമാക്കിയത്.

കൊല്ലം സ്വദേശിയായ 70 വയസ്സുകാരനായ രോഗിയെ കൊച്ചിയിലെ ആസ്റ്റർ മെഡ്‌സിറ്റിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ആസ്റ്റർ മെഡ്‌സിറ്റിയിലെ യൂറോ ഓങ്കോളജി & ട്രാൻസ്പ്ലാന്റ് സർജറി സീനിയർ കൺസൾട്ടന്റ് ഡോ. കിഷോർ ടി.എ., ഗുജറാത്തിലെ വാപിയിലുള്ള മെറിൽ അക്കാദമിയിൽ ഇരുന്നാണ് രണ്ട് മണിക്കൂർ നീണ്ട ഈ പ്രക്രിയ പൂർണ്ണമായും നിയന്ത്രിച്ചത്. ദീർഘദൂര ടെലിസർജറി രംഗത്തെ ഒരു നിർണ്ണായക ചുവടുവെപ്പാണ് ഈ നേട്ടം. സ്ഥലപരിമിതികൾ ഒട്ടും ബാധിക്കാതെ, ലോകത്തിന്റെ ഏത് കോണിലിരുന്നും അത്യാധുനിക ശസ്ത്രക്രിയകൾ നടത്താൻ സാധിക്കുമെന്ന വലിയൊരു സാധ്യതയ്ക്കാണ് ഇത് വഴിതുറന്നിരിക്കുന്നത്. ഇതിലൂടെ വിദഗ്ദ്ധ സർജന്മാർക്ക് തത്സമയ സഹായവും മെന്ററിംഗും അടിയന്തിര ഇടപെടലുകളും ആഗോളതലത്തിൽ എവിടെയും നൽകാൻ സാധിക്കും. വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാകാത്ത ഉൾനാടൻ പ്രദേശങ്ങൾ, ദ്വീപുകൾ, സൈനിക മേഖലകൾ, ദുരന്തബാധിത പ്രദേശങ്ങൾ എന്നിവടങ്ങളിലേക്ക് മികച്ച ശസ്ത്രക്രിയാ പരിചരണം തടസ്സമില്ലാതെ എത്തിക്കാൻ ഈ സാങ്കേതിക മുന്നേറ്റത്തിന് സാധിക്കും.

“സർജൻ ശസ്ത്രക്രിയാസ്ഥലത്ത് നേരിട്ട് എത്താതെ തന്നെ, രോഗികൾക്ക് ലോകോത്തര ശസ്ത്രക്രിയാ വൈദഗ്ദ്ധ്യം ലഭ്യമാക്കാൻ സാങ്കേതികവിദ്യയ്ക്ക് സാധിക്കുമെന്നും സ്ഥലവും ദൂരവും ഇതിന് ഒരു തടസ്സമല്ലെന്നും ഈ ശസ്ത്രക്രിയ തെളിയിക്കുന്നു. ഭാവിയിൽ ഇതിന്റെ സാധ്യതകൾ വളരെ വലുതാണ്,” ഡോ. കിഷോർ ടി.എ. പറഞ്ഞു.

‘മെറിൽ മിസ്സോ റോബോട്ട്’ ഉപയോഗിച്ചാണ് ഈ ശസ്ത്രക്രിയ നടത്തിയത്. ഗുജറാത്തിലെ സർജൻ കൺസോളിലിരുന്ന് ഡോ. കിഷോർ നൽകിയ ചലനങ്ങൾ, സുരക്ഷിതവും അതിവേഗത്തിലുള്ളതുമായ നെറ്റ്‌വർക്ക് കണക്ഷൻ വഴി തത്സമയം കേരളത്തിലെ രോഗിയെ ഓപ്പറേറ്റ് ചെയ്യുന്ന റോബോട്ടിക് കൈകളിലേക്ക് കൈമാറുകയായിരുന്നു. പൂർണ്ണമായ കൃത്യത ഉറപ്പാക്കുന്നതിനായി, ആഴ്ചകൾ നീണ്ട ആസൂത്രണവും സാങ്കേതിക സിമുലേഷനുകളും കണക്റ്റിവിറ്റി പരിശോധനകളും ടീമുകൾ നടത്തിയിരുന്നു. ഇതിലൂടെ തടസ്സമില്ലാത്ത ആശയവിനിമയവും കമാൻഡുകളുടെ തത്സമയ കൈമാറ്റവും ഉറപ്പാക്കി.

ശസ്ത്രക്രിയയിലുടനീളം കർശനമായ സുരക്ഷാ പ്രോട്ടോക്കോളുകളോടെ രോഗിയുടെ സുരക്ഷയ്ക്കായിരുന്നു മുൻഗണന. യോഗ്യതയും പരിചയസമ്പന്നതയുമുള്ള ഒരു റോബോട്ടിക് സർജിക്കൽ ആൻഡ് അനസ്തേഷ്യ ടീം കൊച്ചിയിൽ രോഗിയുടെ അരികിൽ നേരിട്ട് ഉണ്ടായിരുന്നു. രോഗിയുടെ പൊസിഷനിംഗ്, പോർട്ട് പ്ലേസ്‌മെന്റ്, റോബോട്ടിക് സിസ്റ്റം ഡോക്കിംഗ്, ഉപകരണങ്ങൾ മാറ്റൽ, നിരന്തര നിരീക്ഷണം തുടങ്ങിയ നിർണ്ണായക ചുമതലകൾ ഈ ബെഡ്‌സൈഡ് ടീമാണ് നിർവ്വഹിച്ചത്. നെറ്റ്‌വർക്ക് തടസ്സങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ പോലും രോഗിയുടെ സുരക്ഷയിൽ യാതൊരു വിട്ടുവീഴ്ചയും വരാത്ത രീതിയിൽ, ശസ്ത്രക്രിയ ഉടനടി ഏറ്റെടുക്കാൻ ഈ ടീം പൂർണ്ണ സജ്ജരായിരുന്നു.

വിജയകരമായ ശസ്ത്രക്രിയയ്ക്ക് ശേഷം, രോഗി വളരെ വേഗത്തിൽ സുഖം പ്രാപിക്കുകയും മികച്ച ആരോഗ്യാവസ്ഥ പ്രകടിപ്പിക്കുകയും ചെയ്തതിനെ തുടർന്ന് മൂന്ന് ദിവസങ്ങൾകൊണ്ട് തന്നെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു.IMG 20260709 WA0111

:യൂറോ ഓങ്കോളജി & ട്രാൻസ്പ്ലാന്റ് സർജറി സീനിയർ കൺസൾട്ടന്റ് ഡോ. കിഷോർ ടി.എ., ഗുജറാത്തിലെ വാപിയിലുള്ള മെറിൽ അക്കാദമിയിൽ ഇരുന്നുകൊണ്ട് കൊച്ചിയിലെ ആസ്റ്റർ മെഡ്‌സിറ്റിയിലുള്ള രോഗിയിൽ കേരളത്തിലെ ആദ്യത്തെ ടെലി-റോബോട്ടിക് യൂറോളജി ശസ്ത്രക്രിയ നടത്തുന്നു.

 

Spread the News

Leave a Comment