anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ഫയർഫോഴ്സിൽ 1,000 ഹോംഗാർഡുമാരെ നിയമിക്കാൻ നടപടി സ്വീകരിക്കും: മന്ത്രി രമേശ് ചെന്നിത്തല* * *ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസിന് സമഗ്ര ആധുനികവൽക്കരണ പദ്ധതി*

കേരള ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസിന്റെ പ്രവർത്തനശേഷി കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സൈനിക സേവനത്തിൽ നിന്ന് വിരമിച്ച 1,000 പേരെ ഹോംഗാർഡുമാരായി പുതുതായി നിയമിക്കാൻ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കും ട്രാഫിക് ഡ്യൂട്ടി ഉൾപ്പെടെയുള്ള സേവന പ്രവർത്തനങ്ങൾക്കുമാണ് ഇവരെ വിന്യസിക്കുക. സംസ്ഥാനത്ത് വർധിച്ചുവരുന്ന ദുരന്തസാഹചര്യങ്ങളും പൊതുസുരക്ഷാ ആവശ്യങ്ങളും കണക്കിലെടുത്താണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു. ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ് ആസ്ഥാനത്ത് ഉന്നത ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദുരന്തമുഖങ്ങളിൽ നിർണായക സേനയായി ഫയർഫോഴ്സ് മാറിയ സാഹചര്യത്തിൽ അധിക മനുഷ്യവിഭവശേഷി സേനയുടെ കാര്യക്ഷമത വർധിപ്പിക്കുമെന്നാണ് വിലയിരുത്തൽ. കാലാവസ്ഥാ വ്യതിയാനവും വർധിച്ചുവരുന്ന ദുരന്തസാഹചര്യങ്ങളും മുൻനിർത്തി സേനയെ സമഗ്രമായി ആധുനികവൽക്കരിക്കുന്നതിന് സർക്കാർ കർമപദ്ധതി തയ്യാറാക്കും. മാറുന്ന സാഹചര്യങ്ങൾക്കനുസരിച്ച് ജനങ്ങളുടെ ആവശ്യങ്ങൾ കൂടുതൽ കാര്യക്ഷമമായി നിറവേറ്റാൻ സേനയെ പ്രൊഫഷണൽ രീതിയിൽ സജ്ജമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.

നിലവിൽ സംസ്ഥാനത്ത് 133 ഫയർ സ്റ്റേഷനുകളാണ് പ്രവർത്തിക്കുന്നത്. ആധുനികവൽക്കരണ പദ്ധതിയുടെ ഭാഗമായി കൂടുതൽ ഉദ്യോഗസ്ഥരെയും ഫയർമാൻമാരെയും നിയമിക്കുന്നതിനും സർക്കാർ നടപടി സ്വീകരിക്കും. ഉയർന്ന കെട്ടിടങ്ങളിലെ തീപിടുത്തങ്ങൾ ഫലപ്രദമായി നേരിടുന്നതിനായി സ്‌കൈ ലിഫ്റ്റുകളും സ്മോൾ ലിഫ്റ്റുകളും വാങ്ങുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ദുരന്തനിവാരണ ബോധവൽക്കരണവും സെൽഫ് ഡിഫൻസ് പരിശീലന പരിപാടികളും സംഘടിപ്പിക്കും. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾക്ക് സ്വയം പ്രതിരോധ പരിശീലനം നൽകും. റെസിഡൻസ് അസോസിയേഷനുകൾ, സ്‌കൂളുകൾ എന്നിവിടങ്ങളിൽ ദുരന്തനിവാരണ ബോധവൽക്കരണവും സിവിൽ ഡിഫൻസ് പരിശീലനവും ശക്തമാക്കും. കുട്ടികൾക്കും ഫ്ളാറ്റുകളിൽ താമസിക്കുന്നവർക്കും നീന്തൽ പരിശീലനം നൽകുന്ന പദ്ധതികൾ സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തെ തീപിടുത്ത സാധ്യതയുള്ള പ്രദേശങ്ങളുടെ സർവേ നടപടികൾ ആരംഭിക്കും. കാട്ടിനുള്ളിലെ തീപിടുത്തം പ്രതിരോധിക്കുന്നതിനായി വനം വകുപ്പ് മന്ത്രിയുമായി ചേർന്ന് ചർച്ച നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

തീപിടുത്തങ്ങൾ, വെള്ളപ്പൊക്കം, പ്രകൃതി ദുരന്തങ്ങൾ തുടങ്ങിയ അടിയന്തര ഘട്ടങ്ങളിൽ അഗ്‌നിരക്ഷാ സേന നിർണായക പങ്കാണ് വഹിക്കുന്നത്. കോഴിക്കോട് ജയലക്ഷ്മി, ബ്രഹ്‌മപുരം, കറ്റാഴം എന്നിവിടങ്ങളിലെ തീപിടുത്തങ്ങൾ നിയന്ത്രിക്കുന്നതിലും മൂന്നാറിൽ കുടുങ്ങിയ വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തുന്നതിലും സേനയുടെ പ്രൊഫഷണൽ മികവ് പ്രകടമായിരുന്നു. മുൻകാലങ്ങളിൽ നേവിയെയും എൻ.ഡി.ആർ.എഫിനെയും ആശ്രയിച്ചിരുന്ന സാഹചര്യത്തിൽ നിന്ന് മാറി, ദുരന്തമുഖങ്ങളിൽ ആദ്യം എത്തുന്ന സേനയായി ഫയർഫോഴ്സ് മാറിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഫയർ ഫോഴ്സ് മേധാവി നിതിൻ അഗർവാളും ആഭ്യന്തര മന്ത്രിയുടെ പോലീസ് ഉപദേഷ്ടാവായ എ ഹേമചന്ദ്രനും വാർത്താസമ്മേളനത്തിൽ സന്നിഹിതരായി.

Spread the News

Leave a Comment