പാലക്കാട്-തിരുവനന്തപുരം വന്ദേഭാരത് ട്രെയിൻ സർവീസ് ആരംഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് എം.പി. വി.കെ. ശ്രീകണ്ഠൻ ആവശ്യപ്പെട്ടു.
കേന്ദ്ര ഗവൺമെന്റിന്റെ വിവിധ വികസന പദ്ധതികളുടെ ജില്ലാതല പുരോഗതി അവലോകനം ചെയ്യുന്നതിനായുള്ള ജില്ലാ വികസന ഏകോപന-നിരീക്ഷണ സമിതി (ദിശ)യുടെ 2026-27 സാമ്പത്തിക വർഷത്തിലെ ഒന്നാം പാദ യോഗത്തിന് അധ്യക്ഷത വഹിക്കുകയായിരുന്നു ദിശ സമിതി ചെയർപേഴ്സണുമായ എം.പി.
പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനിലെ പിറ്റ് ലൈൻ നിർമ്മാണ പ്രവർത്തനങ്ങൾ 2026 ജൂലൈ അവസാനത്തോടെ പൂർത്തിയാക്കാൻ കഴിയുമെന്ന് റെയിൽവേ അധികൃതർ യോഗത്തിൽ അറിയിച്ചു.
2026 ഏപ്രിൽ 1 മുതൽ മേയ് 31 വരെ ജില്ലയിലെ വിവിധ വകുപ്പുകൾ നടപ്പിലാക്കിയ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പുരോഗതി യോഗം വിശദമായി വിലയിരുത്തി. വിവിധ പദ്ധതികളുടെ നിർവഹണ പുരോഗതി, ഗുണഭോക്താക്കൾക്ക് ലഭ്യമാകുന്ന സേവനങ്ങൾ, അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച റിപ്പോർട്ടുകൾ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ അവതരിപ്പിച്ചു.
ജില്ലയിൽ വർധിച്ചുവരുന്ന മനുഷ്യ-വന്യജീവി സംഘർഷ (Human-Animal Conflict) പ്രശ്നം യോഗത്തിൽ പ്രത്യേകമായി ചർച്ച ചെയ്തു. പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനായി നബാർഡിൻ്റെ സഹകരണത്തോടെ സോളാർ ഫെൻസിംഗ് ഉൾപ്പെടെയുള്ള സംരക്ഷണ പദ്ധതികൾ ആവിഷ്കരിക്കണമെന്ന് ജില്ലയിലെ വനവിഭാഗം ഉദ്യോഗസ്ഥർക്ക് എം.പി. നിർദേശം നൽകി.
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGS) വി.ബി.ജി.ആർ.എ.എം.ജി (VBGRAMG) പദ്ധതിയായി നടപ്പിലാക്കുന്നതിനാണ് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിരിക്കുന്നത്. പദ്ധതി മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് കൃഷി, ജലസംരക്ഷണം, പ്രകൃതി വിഭവ സംരക്ഷണം തുടങ്ങിയ മേഖലകൾക്ക് മുൻഗണന നൽകി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കണമെന്ന് എം.പി. ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ഫലപ്രദമായ നിർവഹണം ഉറപ്പുവരുത്തുന്നതിനും പദ്ധതികളുടെ ഗുണഫലങ്ങൾ സമയബന്ധിതമായി ജനങ്ങളിലെത്തിക്കുന്നതിനുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളും ഏകോപിതമായി പ്രവർത്തിക്കണമെന്ന് യോഗം നിർദേശിച്ചു.
പാലക്കാട് ടോപ്പിൻ ടൗൺ ഗാർഡൻ ഹാളിൽ നടന്ന യോഗത്തിൽ ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപന പ്രതിനിധികൾ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ സുനിൽകുമാർ , വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.