anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

അമേരിക്കൻ മണ്ണിൽ കിലിയൻ എംബാപ്പെയും സംഘവും ചരിത്രമെഴുതുമോ?

ലോക ഫുട്ബോളിന്റെ മഹാമാമാങ്കത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ആരാധകർ ഏറ്റവും ഉറ്റുനോക്കുന്ന ഒരു പേരുണ്ട്’ലെ ബ്ലൂസ്’ എന്ന ഫ്രഞ്ച് പട. വടക്കേ അമേരിക്കയിലെ യു.എസ്.എ, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 48 ടീമുകളുടെ ഈ മഹാമേളയിൽ, ഫുട്ബോൾ ലോകത്തെ ഏറ്റവും മൂല്യമുള്ളതും കരുത്തുറ്റതുമായ സ്ക്വാഡുമായിട്ടാണ് ഫ്രാൻസ് ഇത്തവണ ബൂട്ട് കെട്ടുന്നത്. കഴിഞ്ഞ തവണ കൈവിട്ട കിരീടം തിരിച്ചുപിടിക്കാനും, തങ്ങളുടെ ഇതിഹാസ പരിശീലകന് രാജകീയമായ ഒരു യാത്രയയപ്പ് നൽകാനുമുള്ള കഠിനശ്രമത്തിലാണ് അവർ.

ലോകകപ്പിന്റെ ചരിത്രം പരിശോധിച്ചാൽ ഫ്രാൻസിന് എന്നും സുവർണ്ണ ലിപികളാലുള്ള സ്ഥാനമാണുള്ളത്. 1998-ൽ സ്വന്തം മണ്ണിലും 2018-ൽ റഷ്യയിലും വെച്ച് അവർ ലോകകിരീടം ചൂടിയിട്ടുണ്ട്. ആകെ നാല് തവണയാണ് ഫ്രാൻസ് ലോകകപ്പിന്റെ ഫൈനലിൽ പ്രവേശിച്ചിട്ടുള്ളത്. അതിൽ 1998, 2006, 2018, 2022 എന്നീ വർഷങ്ങൾ ഉൾപ്പെടുന്നു. 2022-ൽ ഖത്തറിൽ നടന്ന കഴിഞ്ഞ ലോകകപ്പിൽ, ലോകം കണ്ട ഏറ്റവും ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ അർജന്റീനയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ പൊരുതിയാണ് ഫ്രാൻസ് റണ്ണേഴ്സ്-അപ്പുകളായത്. കിലിയൻ എംബാപ്പെയുടെ വിസ്മയകരമായ ഹാട്രിക് പ്രകടനം അന്ന് ഫുട്ബോൾ പ്രേമികൾ മറക്കാനിടയില്ലാത്ത ഒന്നാണ്.
ലോക ഫുട്ബോളിലെ നിലവിലെ ഏറ്റവും മാരകനായ ഫോർവേഡ് കിലിയൻ എംബാപ്പെ തന്നെയാണ് ഇത്തവണയും പടനായകനായി ഫ്രാൻസിനെ നയിക്കുന്നത്. ചാമ്പ്യൻസ് ലീഗിലും ആഭ്യന്തര ലീഗിലും തകർപ്പൻ ഫോമിലുള്ള എംബാപ്പെയുടെ വേഗതയും ഫിനിഷിംഗും തന്നെയാണ് ഫ്രാൻസിന്റെ പ്രധാന ആയുധം. ബെഞ്ചിലിരുന്ന് തന്ത്രങ്ങൾ മെനയുന്നത് ഇതിഹാസ തന്ത്രജ്ഞനായ കോച്ച് ദിദിയർ ദെഷാംപ്സ് ആണ്. 1998-ൽ ക്യാപ്റ്റനായും 2018-ൽ കോച്ചായും ഫ്രാൻസിനെ ലോകകിരീടത്തിലേക്ക് നയിച്ച അപൂർവ്വ നേട്ടത്തിന് ഉടമയാണദ്ദേഹം. ഈ ലോകകപ്പോടെ ദെഷാംപ്സ് ഫ്രഞ്ച് പരിശീലക സ്ഥാനത്തുനിന്ന് പടിയിറങ്ങുകയാണ് എന്ന പ്രത്യേകതയുമുണ്ട്. അതിനാൽ ഒരു മൂന്നാം സ്വർണ്ണക്കപ്പുകൂടി നെഞ്ചോട് ചേർത്ത് ചരിത്രത്തിലെ ഏറ്റവും മികച്ച കോച്ചായി വിടപറയാനാകും അദ്ദേഹം ഇത്തവണ ഒരുങ്ങുന്നത്.
യുവത്വവും പരിചയസമ്പത്തും ഒത്തിണങ്ങിയ, ഓരോ പൊസിഷനിലും ലോകോത്തര താരങ്ങളുള്ള ഒരു ഡ്രീം സ്ക്വാഡ് ആണ് ഇത്തവണ ദെഷാംപ്സ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിലെ ഗോൾകീപ്പർമാരായി മൈക്ക് മൈനാൻ, ബ്രൈസ് സാംബ, റോബിൻ റിസ്സർ എന്നിവർ അണിനിരക്കുന്നു. പ്രതിരോധ നിരയെ കാക്കാൻ വില്യം സാലിബ, ഡായോട്ട് ഉപമെകാനോ, തിയോ ഹെർണാണ്ടസ്, ലൂക്കാസ് ഹെർണാണ്ടസ്, യൂൾസ് കുണ്ടെ, ഇബ്രാഹിമ കൊനാട്ടെ, മാലോ ഗുസ്റ്റോ, ലൂക്കാസ് ഡിഗ്നെ, മാക്സിം ലാക്രോയിക്സ് എന്നിവരുണ്ട്. മധ്യനിരയുടെ കരുത്തായി എൻഗോളോ കാന്റെ, അഡ്രിയാൻ റാബിയോട്ട്, ഔറേലിയൻ ചൗവാമേനി, എന്നു പുറമെ മനു കോനെ, വാറൻ സയർ-എമരി എന്നിവരും ബൂട്ട് കെട്ടുന്നു. ലോകത്തെ ഭയപ്പെടുത്തുന്ന മുന്നേറ്റ നിരയിൽ കിലിയൻ എംബാപ്പെ, ഉസ്മാൻ ഡെംബെലെ, മൈക്കൽ ഒലീസ്, മാർക്കസ് തുറാം, ബ്രാഡ്‌ലി ബാർക്കോള, റയൻ ചെർക്കി, ഡെസിറെ ദൂവെ, മഗ്നസ് അക്ലിയൗഷെ, ജീൻ-ഫിലിപ്പ് മാറ്റെറ്റ എന്നിവരാണ് ഉൾപ്പെട്ടിരിക്കുന്നത്. ഇതിൽ നിന്നും മൈക്ക് മൈനാൻ ഗോൾകീപ്പറായും, യൂൾസ് കുണ്ടെ, വില്യം സാലിബ, ഡായോട്ട് ഉപമെകാനോ, തിയോ ഹെർണാണ്ടസ് എന്നിവർ പ്രതിരോധത്തിലും, ഔറേലിയൻ ചൗവാമേനി, അഡ്രിയാൻ റാബിയോട്ട്, റയൻ ചെർക്കി എന്നിവർ മധ്യനിരയിലും, ഉസ്മാൻ ഡെംബെലെ, കിലിയൻ എംബാപ്പെ, മൈക്കൽ ഒലീസ് എന്നിവർ മുന്നേറ്റത്തിലും അണിനിരക്കുന്ന ഒരു ശക്തമായ സാധ്യതാ ഇലവനാണ് ഫ്രാൻസിനുള്ളത്.
ഈ ടീമിന്റെ ഏറ്റവും വലിയ കരുത്ത് അവരുടെ അതിമാരകമായ മുന്നേറ്റനിര തന്നെയാണ്. എംബാപ്പെ, ഡെംബെലെ എന്നിവർക്കൊപ്പം ബയേൺ മ്യൂണിക്കിന്റെ മൈക്കൽ ഒലീസും യുവതാരം റയൻ ചെർക്കിയും ചേരുന്നതോടെ ഏത് പ്രതിരോധപ്പൂട്ടും തകർക്കാൻ ശേഷിയുള്ള അറ്റാക്കിംഗ് ലൈൻ ഫ്രാൻസിനുണ്ട്. ടീമിന്റെ മറ്റൊരു പ്രധാന ഗുണം അവരുടെ ബെഞ്ച് കരുത്താണ്. ആദ്യ ഇലവനിലെ താരങ്ങൾക്ക് പകരമായി ഇറക്കാൻ തുല്യശക്തികളായ ഡെസിറെ ദൂവെ, ബാർക്കോള തുടങ്ങിയ ഒട്ടനവധി യുവതാരങ്ങൾ അവർക്കുണ്ട്. ഒപ്പം മധ്യനിരയിൽ എൻഗോളോ കാന്റേയുടെ അനുഭവസമ്പത്തും, പ്രതിരോധത്തിൽ ആഴ്സണലിന്റെ വിശ്വസ്ത താരം വില്യം സാലിബയുടെ മികച്ച ഫോമും ടീമിന് വലിയ ബാലൻസ് നൽകുന്നുണ്ട്.
ഇത്തവണ ലോകകപ്പിൽ ഗ്രൂപ്പ് I- ലാണ് ഫ്രാൻസ് മത്സരിക്കുന്നത്. സെനഗൽ, ഇറാഖ്, നോർവെ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ. ജൂൺ 17-ന് സെനഗലുമായാണ് ഫ്രാൻസിന്റെ ആദ്യ മത്സരം. തുടർന്ന് ജൂൺ 23-ന് ഇറാഖിനെയും ജൂൺ 27-ന് നോർവെയെയും അവർ നേരിടും. നൂതന ആക്രമി ശൈലിയുള്ള നോർവെയും, ശാരീരികക്ഷമതയിൽ മുന്നിലുള്ള സെനഗലും ഫ്രാൻസിന് ഗ്രൂപ്പ് ഘട്ടത്തിൽ നല്ലൊരു വെല്ലുവിളി ഉയർത്താൻ പോന്നവരാണ്.
കേരളത്തിലെ ഫുട്ബോൾ ഭ്രാന്തന്മാർക്കിടയിൽ ബ്രസീലിനും അർജന്റീനയ്ക്കും ഒപ്പം തന്നെ വലിയൊരു ആരാധകവൃന്ദത്തെ സൃഷ്ടിക്കാൻ ഫ്രാൻസിന് കഴിഞ്ഞിട്ടുണ്ട്. സിനദിൻ സിദാന്റെ കാലം മുതൽ തുടങ്ങിയ ഫ്രഞ്ച് ആരാധന, 2018-ൽ അവർ കപ്പുയർത്തിയതോടെയും ഖത്തറിലെ എംബാപ്പെയുടെ അവിശ്വസനീയ പ്രകടനത്തോടെയും ഇരട്ടിയായി മാറിയിരിക്കുകയാണ്. ഇത്തവണയും മലപ്പുറത്തെയും കോഴിക്കോട്ടെയും കട്ടൗട്ടുകളിലും ഫ്ലെക്സുകളിലും എംബാപ്പെയുടെ ചിത്രങ്ങൾ നിറഞ്ഞുതുടങ്ങിക്കഴിഞ്ഞു. കണക്കുകളും നിലവിലെ ഫോമും പരിശോധിച്ചാൽ ടൂർണമെന്റിലെ ഏറ്റവും ശക്തരായ ഹോട്ട് ഫേവറിറ്റുകൾ തന്നെയാണ് ഫ്രാൻസ്. എന്നാൽ കോച്ച് ദെഷാംപ്സ് പറഞ്ഞതുപോലെ, പേപ്പറിൽ നമ്മൾ ശക്തരായിരിക്കാം, പക്ഷേ അമിത ആത്മവിശ്വാസം ഇല്ലാതെ ഈഗോകൾ മാറ്റിവെച്ച് ഒത്തൊരുമയോടെ കളിച്ചാൽ മാത്രമേ കിരീടം നേടാനാകൂ. ആ ഒത്തിണക്കത്തോടെ കളിച്ചാൽ ജൂലൈ 19-ന് നടക്കാൻ പോകുന്ന ഫൈനലിൽ കിലിയൻ എംബാപ്പെ ഒരിക്കൽക്കൂടി ലോകകിരീടത്തിൽ ചുംബിക്കുന്നത് നമുക്ക് കാണാനാകും..

തയ്യാറാക്കിയത് രഞ്ജിത്ത് എം നിലമ്പൂർ

Spread the News

Leave a Comment