ചിറ്റൂർ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥിഅഡ്വ. സുമേഷ് അച്യുതൻ തത്തമംഗലം തുമ്പച്ചിറ എൽ.പി സ്കൂളിലെ 149ാം പോളിംഗ് സ്റ്റേഷനിൽ വോട്ട് രേഖപ്പെടുത്തി. കുടുംബ സമേതമാണ് എത്തിയത്. ഭാര്യ സ്വപ്ന, മകൾ മീനാക്ഷി എന്നിവരും ഒപ്പമുണ്ടായിരുന്നു. ജനദ്രോഹ, കർഷക വിരുദ്ധ നയങ്ങളുമായി മുന്നോട്ടു പോകുന്ന സർക്കാരിനും ചിറ്റൂരിലെ ജനപ്രതിനിധിയ്ക്കും എതിരെയുള്ള വിധിയെഴുത്താകും ഇതെന്ന് വോട്ട് രേഖപ്പെടുത്തിയതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്താകെ വീശിയടിക്കുന്ന യു.ഡി.എഫ് അനുകൂല തരംഗം ചിറ്റൂരിലും പ്രകടമാകുമെന്നും സുമേഷ് പറഞ്ഞു.