നെന്മാറ നിയോജകമണ്ഡലത്തിൽ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ (NDA) സ്ഥാനാർഥിയായ എ. എൻ. അനുരാഗ് തിരഞ്ഞെടുപ്പിന്റെ ഭാഗമായി തന്റെ പ്രകടന പത്രിക പുറത്തിറക്കി. വിദ്യാർത്ഥി-യുവജന പ്രസ്ഥാനങ്ങളിലൂടെ പൊതുജീവിതത്തിലേക്ക് എത്തിയ അനുരാഗ്, തൊഴിലാളി, കർഷക, സാമൂഹിക മേഖലകളിൽ സജീവ സാന്നിധ്യമായ വ്യക്തിയാണ് . “സാമൂഹ്യ നീതി എല്ലാവർക്കും ലഭിക്കണം” എന്നതാണ് തന്റെ രാഷ്ട്രീയ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രകടന പത്രിക
സ്വർഗ്ഗീയ ശ്രീനിവാസൻ ജിയുടെ ഭാര്യ ഗോപികയും മകൾ നവനീതയും ചേർന്ന് ഏറ്റുവാങ്ങി.
കേരള കർഷക സംരക്ഷണ സമിതി ചെയർമാൻ സി. വിജയൻ പത്രിക പ്രകാശനം ചെയ്തു.
കർഷക ക്ഷേമവും അടിസ്ഥാന സൗകര്യ വികസനവും മുൻനിർത്തിയാണ് പ്രകടന പത്രിക തയ്യാറാക്കിയിരിക്കുന്നത്. പറമ്പിക്കുളം-ആളിയാർ പദ്ധതിയുടെ നിബന്ധനകൾ പുനഃപരിശോധിച്ച് കേരളത്തിലെ കർഷകർക്ക് കൂടുതൽ പ്രയോജനകരമാക്കുമെന്ന് സ്ഥാനാർഥി വാഗ്ദാനം ചെയ്തു. കാർഷിക മേഖലയിലെ പ്രശ്നങ്ങൾ കർഷകരുടെ പങ്കാളിത്തത്തോടെ പഠിച്ച് സർക്കാർ തലത്തിൽ ത്വരിത പരിഹാരങ്ങൾ നടപ്പിലാക്കുമെന്നും അറിയിച്ചു.
മാങ്ങാ കർഷകർക്ക് മികച്ച വിപണിയും വിലയും ഉറപ്പാക്കാൻ കേന്ദ്രാവിഷ്കൃത പദ്ധതികൾ നടപ്പിലാക്കുമെന്നും, വിദേശ വിപണികളിലേക്ക് മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ എത്തിക്കുന്നതിനുള്ള സാധ്യതകൾ സൃഷ്ടിക്കുമെന്നും പ്രഖ്യാപിച്ചു. കുരിയാർകുറ്റി-കാരപ്പാറ പദ്ധതി നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗതാഗത മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കൊടുവായൂർ, കൊല്ലങ്കോട്, നെന്മാറ നഗരങ്ങളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനുള്ള പദ്ധതികളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഒറ്റപ്പാലം മുതൽ ചെങ്ങൻപറ്റ ആനമാറി വഴി നന്ദൻകിഴായ റോഡ് വീതികൂട്ടി വികസിപ്പിക്കുമെന്നും ഉറപ്പുനൽകി.
കായികരംഗത്തിന് പ്രാധാന്യം നൽകുന്ന നിലപാടിൽ, മണ്ഡലത്തിലെ താരങ്ങൾക്ക് പരിശീലനത്തിനായി സിന്തറ്റിക് ട്രാക്ക് നിർമ്മിക്കുമെന്നും പ്രഖ്യാപിച്ചു. കൂടാതെ, നെന്മാറയിൽ സർക്കാർ കോളേജ് സ്ഥാപിച്ച് ഉയർന്ന വിദ്യാഭ്യാസ സൗകര്യം ഉറപ്പാക്കുമെന്നും വാഗ്ദാനം ചെയ്തു.
ടൂറിസം വികസനത്തിനായി നെല്ലിയാമ്പതി–പറമ്പിക്കുളം–ചെമ്മണാമ്പതി വനപാത വികസിപ്പിക്കുമെന്നും, ആരോഗ്യ മേഖലയിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ വിവിധ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ കൂടുതൽ സംവിധാനങ്ങൾ ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചു.
വനാതിർത്തികളിൽ സൗരോർജ്ജ വൈദ്യുത വേലികൾ സ്ഥാപിച്ച് വന്യമൃഗങ്ങൾ കൃഷിയിടങ്ങളിലേക്ക് കടക്കുന്നത് തടയാനുള്ള നടപടികളും പത്രികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രാദേശിക വികസനവും കർഷകക്ഷേമവും ലക്ഷ്യമാക്കിയുള്ള സമഗ്ര പദ്ധതികളോടെയാണ് NDA നെന്മാറ മണ്ഡലത്തിൽ തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് എ എൻ അനുരാഗ് പറഞ്ഞു .