anugrahavision.com

പാലക്കാട് ജില്ലാ വാർത്തകൾ ഒറ്റനോട്ടത്തിൽ

*കൊഴിഞ്ഞാമ്പാറയില്‍ പൊതുസ്ഥലങ്ങളില്‍*
*സി.സി.ടി.വി ക്യാമറ : ഉദ്ഘാടനം ഇന്ന്*

*മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും*

കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്തില്‍ സാമൂഹ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പൊതുസ്ഥലങ്ങളില്‍ സി.സി.ടി.വി ക്യാമറ സ്ഥാപിച്ചതിന്റെ ഉദ്ഘാടനം ഇന്ന് (മാര്‍ച്ച് അഞ്ച്) രാവിലെ 10.30 ന് കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് എ.എന്‍.യു മന്നാടിനായര്‍ ഹാളില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും. കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. സതീഷ് അധ്യക്ഷനാകും. കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്‍. രാധ പദ്ധതി വിശദീകരിക്കും. കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്ത് മാലിന്യമുക്തമാക്കുന്നതിനും പൊതുസ്ഥലങ്ങളില്‍ സാമൂഹ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ളത്. അത്തിക്കോട് (മലബാര്‍ ഹോട്ടല്‍ പരിസരം), ചിറ്റൂര്‍ റോഡ്(കൃഷിഭവന്‍ പരിസരം), കുലുക്കപ്പാറ മാലിന്യസംസ്‌ക്കരണ പ്ലാന്റ്, മോടംമ്പടി സരസ്വതി വിദ്യാലയത്തിന് സമീപം, ആര്‍.വി.പി പുതൂര്‍ റോഡ് എന്നിവിടങ്ങളിലാണ് ക്യാമറ സ്ഥാപിച്ചിരിക്കുന്നത്.
പരിപാടിയില്‍ കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിലാവര്‍ണീസ, കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എസ്. മുഹമ്മദ് ഫാറുക്ക്, ചെയര്‍മാന്‍, ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.കെ. മണികുമാര്‍, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വനജ കണ്ണന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അല്‍ദോ പ്രഭു, ജില്ലാ പഞ്ചായത്തംഗങ്ങളായ മാധുരി പത്മനാഭന്‍, മിനി മുരളി, ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി. ഹരിപ്രസാദ്, എം. ബാബുരാജ്, ബിന്ദു വിജയന്‍, കെ സതീഷ് കുമാര്‍, പഞ്ചായത്ത് അസി. സെക്രട്ടറി ദീപേഷ് തുടങ്ങിയവര്‍ പങ്കെടുക്കും.

*അങ്കണവാടി സൗരോര്‍ജവത്കരണ പദ്ധതി,*
*സൗരോര്‍ജ കോള്‍ഡ് സ്റ്റോറേജ് ഉദ്ഘാടനം ഇന്ന്*

*മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും*

ചിറ്റൂര്‍ നിയോജകമണ്ഡലത്തിലെ അങ്കണവാടികളുടെ സൗരോര്‍ജവത്കരണ പദ്ധതിയുടെയും സോളാര്‍ പവേര്‍ഡ് കോള്‍ഡ് സ്റ്റോറേജുകളുടെയും ഉദ്ഘാടനം ഇന്ന്(മാര്‍ച്ച് അഞ്ച്) ഉച്ചയ്ക്ക് 12 ന് ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും. കെ.എസ്.ഇ.ബി സ്വതന്ത്ര ഡയറക്ടര്‍ വി. മുരുകദാസ് മുഖ്യാതിഥിയാകും. ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. സുജാത അധ്യക്ഷയാകും.
ജില്ലയിലെ കമ്പാലത്തറ അഗ്രോ പ്രോസസിങ് യൂണിറ്റില്‍ വിളവെടുത്ത പച്ചക്കറികളും വേലന്താവളം മാര്‍ക്കറ്റില്‍ വിറ്റു പോവാതെ ബാക്കി വരുന്ന പച്ചക്കറികളും സൂക്ഷിക്കുന്നതിനായി 10 മെട്രിക് ടണ്‍ ശേഷിയുള്ള രണ്ട് സോളാര്‍ പവേര്‍ഡ് കോള്‍ഡ് സ്റ്റോറേജുകളുമാണ് കമ്പാലത്തറ അഗ്രോ പ്രോസസിങ് യൂണിറ്റിലും വേലന്താവളം മാര്‍ക്കറ്റിലും സ്ഥാപിച്ചിട്ടുള്ളത്.
പരിപാടിയില്‍ ചിറ്റൂര്‍-തത്തമംഗലം നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.എല്‍ കവിത, നല്ലേപ്പിള്ളി, കൊഴിഞ്ഞാമ്പാറ, വടകരപ്പതി, എരുത്തേമ്പതി, പെരുമാട്ടി, എലപ്പുള്ളി, പൊല്‍പ്പുള്ളി, പട്ടഞ്ചേരി, പെരുവെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അനീഷ, എം. സതീഷ്, ഡി. ജോസി ബ്രിട്ടോ, എസ്. പ്രിയദര്‍ശിനി, റിഷ പ്രേംകുമാര്‍, പി. ബാലഗംഗാധരന്‍, പി.എസ് ശിവദാസ്, എസ്. ഹംസത്ത്, ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. സിന്ധു, അനര്‍ട്ട് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ നരേന്ദ്രനാഥ് വേലൂരി, ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് സി.ഡി.പി.ഒ മീനാക്ഷിക്കുട്ടി, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

*രാജ്യത്തെ ആദ്യ സൗരോര്‍ജവത്കൃത*
*ആദിവാസി കോളനി ഉദ്ഘാടനം ഇന്ന്*

*മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും*

സംസ്ഥാന സര്‍ക്കാറിന്റെ ഊര്‍ജ വകുപ്പിന് കീഴിലുള്ള അനര്‍ട്ട് നടപ്പാക്കിവരുന്ന ഹരിത ഊര്‍ജ വരുമാന പദ്ധതിയുടെ ഭാഗമായി രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഗ്രിഡ് ബന്ധിത സൗരോര്‍ജവത്കൃത ആദിവാസി കോളനിയായ നടുപ്പതി കോളനിയുടെ ഉദ്ഘാടനം ഇന്ന് (മാര്‍ച്ച് അഞ്ച്) വൈകിട്ട് മൂന്നിന് വാളയാര്‍, നടുപ്പതി ജി.ഡബ്ല്യു.എല്‍.പി സ്‌കൂള്‍ ഗ്രൗണ്ടില്‍ വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും. എ. പ്രഭാകരന്‍ എം.എല്‍.എ അധ്യക്ഷനാകും. പദ്ധതിയിലൂടെ കോളനിയിലെ ആകെയുള്ള 120 വീടുകളിലെ വൈദ്യുതി ആവശ്യം പൂര്‍ണമായും സൗരോര്‍ജത്തിലധിഷ്ഠിതമാക്കാനാകും. കൂടാതെ കാര്‍ഷിക പമ്പുകളുടെ സൗരോര്‍ജവത്കരണ പദ്ധതിയായ പി.എം കുസും പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോളനിയിലെ രണ്ടു കാര്‍ഷിക പമ്പുകളുടെ സൗരോര്‍ജവത്കരണവും സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ഇതോടുകൂടി മീറ്ററിങ് സംവിധാനത്തിലൂടെ സമ്പൂര്‍ണ ഗ്രിഡ് ബന്ധിത സൗരോര്‍ജവത്കരണം നടപ്പാക്കിയ രാജ്യത്തെ ആദ്യ ആദിവാസി കോളനിയായി നടുപ്പതി മാറും. ഇതുവരെ നടുപ്പതി കോളനിയിലെ 80 വീടുകളിലായി രണ്ട് കിലോവാട്ട് ശേഷിയുള്ള സൗരോര്‍ജ പ്ലാന്റുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. ബാക്കിയുള്ള വീടുകളില്‍ മേല്‍ക്കൂര സജ്ജമാക്കുന്ന മുറയ്ക്ക് സൗരോര്‍ജ പ്ലാന്റുകള്‍ സ്ഥാപിക്കും. പരിപാടിയില്‍ മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ബിജോയ്, ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര, പുതുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. പ്രസീത, വൈസ് പ്രസിഡന്റ് കെ. അജീഷ്, ജില്ലാ പഞ്ചായത്ത് അംഗം പത്മിനി, അനര്‍ട്ട് ചീഫ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ നരേന്ദ്രനാഥ് വേലൂരി, അനര്‍ട്ട് ജില്ലാ എന്‍ജിനീയര്‍ പി. വിജേഷ് കുമാര്‍, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

*കയര്‍ ഭൂവസ്ത്ര പദ്ധതി: ഏകദിന സെമിനാര്‍ ഇന്ന്*

കയര്‍ ഭൂവസ്ത്ര പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റ്/സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്/സെക്രട്ടറി, എ.ഇമാര്‍ എന്നിവര്‍ക്ക് പൊന്നാനി പ്രോജക്ട് ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് (മാര്‍ച്ച് അഞ്ച്) രാവിലെ പത്തിന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാതല ഏകദിന സെമിനാര്‍ നടത്തുന്നു. ജില്ലാതല പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ചാമുണ്ണി അധ്യക്ഷനാകും.
പാലക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍, പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. സേതുമാധവന്‍, ചളവറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ. ചന്ദ്രബാബു, എല്‍.എസ്.ജി.ഡി പാലക്കാട് ജോയിന്റ് ഡയറക്ടര്‍ എം.കെ ഉഷ, പാലക്കാട് എം.ജി.എന്‍.ആര്‍.ഇ.ജി.എസ് ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ കെ.പി വേലായുധന്‍, പൊന്നാനി പ്രൊജക്റ്റ് ഓഫീസ് അസി. രജിസ്ട്രാര്‍ പി.ജെ ജോബിഷ് എന്നിവര്‍ സംസാരിക്കും. പരിപാടിയില്‍ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ കയര്‍ ഭൂവസ്ത്രം വിതാനിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ആദരിക്കും. പാലക്കാട് എല്‍.എസ്.ജി.ഡി അസി. ഡയറക്ടര്‍ വി.കെ ഹമീദ ജലീസ, ആലപ്പുഴ കയര്‍ കോര്‍പ്പറേഷന്‍ മാനേജര്‍ അരുണ്‍ ചന്ദ്രന്‍ എന്നിവര്‍ വിഷയം അവതരിപ്പിക്കും.

*സൈനിക്-അഗ്നിവീര്‍ ഹെല്‍പ് ഡെസ്‌കുകള്‍ തുടങ്ങി*

ഇന്ത്യന്‍ ആര്‍മിയിലേക്ക് ജെ.സി.ഒ/ഒ.ആര്‍, അഗ്നിവീര്‍ റിക്രൂട്ട്മെന്റ് നടത്തുന്നതിന്റെ ഭാഗമായി ജില്ലയിലെ അതത് താലൂക്ക് ഓഫീസുകളില്‍ ഹെല്‍പ് ഡെസ്‌കുകള്‍ പ്രവര്‍ത്തനം തുടങ്ങി. മാര്‍ച്ച് അഞ്ചിന് മണ്ണാര്‍ക്കാട്, ആറിന് ചിറ്റൂര്‍, ഏഴിന് ആലത്തൂര്‍, എട്ടിന് പട്ടാമ്പി, ഒന്‍പതിന് അട്ടപ്പാടി, 10, 11 തീയതികളില്‍ പാലക്കാട് എന്നിങ്ങനെ ഹെല്‍പ് ഡെസ്‌കുകള്‍ പ്രവര്‍ത്തിക്കും. രാവിലെ പത്ത് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് പ്രവര്‍ത്തനം. ഫോണ്‍: 0491-2505309, 9868937887.

*മുന്നേറ്റം വനിതാ ശാക്തീകരണ പദ്ധതി;*
*ഏകദിന ശില്‍പശാല ഇന്ന്*

സംസ്ഥാന സാക്ഷരതാ മിഷനും കേരള മഹിളാ സമഖ്യ സൊസൈറ്റിയുമായി ചേര്‍ന്ന് നടപ്പാക്കുന്ന മുന്നേറ്റം വനിതാ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി ഇന്ന് (മാര്‍ച്ച് അഞ്ച്) രാവിലെ ഒന്‍പതിന് അട്ടപ്പാടി ഗോട്ടിയാര്‍ക്കണ്ടി ഊരിലെ ജി.ടി.ഡബ്ല്യു.എല്‍.പി സ്‌കൂളില്‍ ഏകദിന ശില്‍പശാല നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ഉദ്ഘാടനം ചെയ്യും. പുതൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജ്യോതി അനില്‍കുമാര്‍ അധ്യക്ഷയാകും. പരിപാടിയില്‍ അട്ടപ്പാടി ഊരില്‍ നിന്നും ആദ്യമായി നിയമ ബിരുദം കരസ്ഥമാക്കിയ ധാന്യം ഊരിലെ അഡ്വ. ടി.ആര്‍. കനകയെ ആദരിക്കും. പുതിയ ബാച്ച് തുല്യതാ രജിസ്‌ട്രേഷന്‍ ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.സി. നീതു സ്വീകരിക്കും. തുല്യത പാഠപുസ്തകം ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം. രാമന്‍കുട്ടി വിതരണം നിര്‍വഹിക്കും.
ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കാര്‍ത്യായനി സെന്തില്‍ കുമാര്‍, വാര്‍ഡ് മെമ്പര്‍ എം. ദീപ, ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ എന്‍. ഷഫീര്‍, എക്‌സൈസ് ഓഫീസര്‍ എസ്. രവികുമാര്‍, കുടുംബശ്രീ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ജോമോന്‍, സാക്ഷരതാ മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍മാരായ ജയരാജന്‍, കെ.വി ജയന്‍, ആദി കോ-ഓര്‍ഡിനേറ്റര്‍ പി.എസ് നവീന്‍, സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. മനോജ് സെബാസ്റ്റ്യന്‍, മഹിളാ സമഖ്യ സൊസൈറ്റി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ റെജീന അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ പി.വി പാര്‍വതി തുടങ്ങിയവര്‍ പങ്കെടുക്കും.
തുടര്‍ന്ന് ആരോഗ്യം ശുചിത്വം ലിംഗസമത്വം, നിയമസംരക്ഷണം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും, സാങ്കേതിക വിദ്യ സാധാരണക്കാര്‍ക്ക് എന്നീ വിഷയങ്ങളില്‍ ജില്ലാ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ ലൈജു, അഡ്വ. കനക, മരഗതം, അയ്‌ന, എസ്. സജി കുമാര്‍ തുടങ്ങിയവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും. തുടര്‍ന്ന് ഊരുകളില്‍ നിന്നുള്ള ആട്ടം പാട്ടം, ഗോത്ര കലാപരിപാടിയും നടക്കും.

*മൈക്രോ പദ്ധതി വിവരശേഖരം: പഞ്ചായത്ത് തല ഉദ്ഘാടനം ഇന്ന്*

പട്ടികവര്‍ഗക്കാരുടെ സമഗ്ര വികസനം ലക്ഷ്യമാക്കി വിഭാവനം ചെയ്ത മൈക്രോ പദ്ധതികളുടെ വിവരശേഖരത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ നട്ടക്കല്ലൂര്‍, നടുമൂലക്കൊമ്പ്, ഗോഞ്ചിയൂര്‍ ഊരുകളില്‍ ഇന്ന്(മാര്‍ച്ച് അഞ്ച്) രാവിലെ 11 ന് നടക്കും. പരിപാടിയില്‍ ഊരുനിവാസികളും ജനപ്രതിനിധികളും പങ്കെടുക്കും.

*സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ സിറ്റിങ് ഏഴിന്*

സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ സിറ്റിങ് മാര്‍ച്ച് ഏഴിന് രാവിലെ 11 മുതല്‍ പാലക്കാട് സിവില്‍ സ്റ്റേഷന്‍ താലൂക്ക് ഓഫീസിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുമെന്ന് രജിസ്ട്രാര്‍ അറിയിച്ചു. സിറ്റിങ്ങില്‍ ജില്ലയില്‍ നിന്നുള്ള പുതിയ പരാതികള്‍ സ്വീകരിക്കും. ഫോണ്‍: 0471 2315133, 2315122, 2317122, 2318122.

*അയിലൂര്‍ കോളെജില്‍ കോഴ്‌സ് പ്രവേശനം: 11 വരെ അപേക്ഷിക്കാം*

അയിലൂര്‍ കോളെജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ പി.ജിഡി.സി.എ, പി.ജി.ഡി.സി.എഫ്, ഡാറ്റാ എന്‍ട്രി ടെക്‌നിക്‌സ് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് കോഴ്‌സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. www. ihrdadmission.org ല്‍ ഓണ്‍ലൈനായി അപേക്ഷിച്ചശേഷം പ്രിന്റൗട്ടും അനുബന്ധ രേഖകളും കോളജില്‍ മാര്‍ച്ച് 11 നകം എത്തിക്കണം. അപേക്ഷകള്‍ നിശ്ചിത രജിസ്‌ട്രേഷന്‍ ഫീസും (ഡിമാന്‍ഡ് ഡ്രാഫ്റ്റ്/ നേരിട്ട്) അനുബന്ധ രേഖകളും സഹിതം മാര്‍ച്ച് 11 ന് വൈകിട്ട് നാല് വരെ നേരിട്ടും നല്‍കാമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. അപേക്ഷാ ഫോറം ഓഫീസില്‍നിന്നും www.ihrd.ac.in ലും ലഭിക്കും. എസ്.സി, എസ്.ടി, മറ്റ് പിന്നോക്ക വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിന് അര്‍ഹതയുണ്ട്. ഫോണ്‍: 8547005029, 9495069307.

*(തുടരും)*

Spread the News
0 Comments

No Comment.