പാലക്കാട് .വിദ്യാർത്ഥികൾ അധ്യയനതോടൊപ്പം തന്റെ പരിസരങ്ങളിലും ചുറ്റുമുള്ള സമൂഹത്തിലും നടക്കുന്ന സംഭവങ്ങളും പ്രകൃതിയിലെ വിസ്മയങ്ങളും ശ്രദ്ധയോടെ നിരീക്ഷിക്കുക മാത്രമല്ല അവയെല്ലാം തങ്ങളുടെ ഉൾക്കാഴ്ചയുടെയും അനുഭവത്തിന്റെയും വെളിച്ചത്തിൽ വിശകലനം ചെയ്തുകൊണ്ട് ആത്മാവിഷ്കാരം നടത്തണമെന്നും, ഇക്കാര്യത്തിൽ ചലച്ചിത്രം എന്ന മാധ്യമം ഏറെ പ്രയോജനപ്പെടുമെന്നും ബി. ഇ. എം ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ കെ. ആർ. അജിത് കുമാർ അഭിപ്രായപ്പെട്ടു. 
പാലക്കാട്ടെ സൃഷ്ട്യുൻമുഖ കൂട്ടായ്മയായ ഇൻസൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി നടത്തിയ ഹ്രസ്വ ചിത്ര പ്രദര്ശനത്തിന്റെയും സംവാദത്തിന്റെയും അധ്യക്ഷത നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ വരുന്ന സെപ്തംബര് 13 , 14 തിയ്യതികളിലായി ഇൻസൈറ്റിന്റെ പതിനഞ്ചാമത് അന്താരാഷ്‌ട്ര ചലച്ചിത്ര മേള (15th HALF Festival) വിപുലമായ പരിപാടികളോടെ പാലക്കാടു നടക്കുകയാണ്. മേളയുടെ മുന്നൊരുക്കമായി കേരളത്തിലുടനീളം ഹ്രസ്വ ചിത്രങ്ങൾ പ്രദർശിപ്പിക്കണമെന്നും അതുവഴി സാധാരണക്കാരിൽ ഹ്രസ്വചിത്രങ്ങളുടെ ശക്തിയും സൗന്ദര്യവും സ്വാധീനശേഷിയും സാധ്യതകളും സംബന്ധിച്ച ശരിയായ അവബോധം ഉണ്ടാക്കണമെന്നും സ്വയം കൊച്ചു സിനിമകൾ നിർമ്മിക്കാൻ മുന്നോട്ടുവരാൻ വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും മറ്റും പ്രചോദനം നൽകണമെന്നും ഉള്ള ലക്ഷ്യത്തോടെയുള്ള ഒരു സമയബന്ധിത പ്രവർത്തന പദ്ധതിയുടെ ഭാഗമായാണ് ഇത്തരം പരിപാടികൾ നടത്തുന്നത്.
ഹൈക്കു സിനിമകൾ , മൈന്യൂട് വിഭാഗത്തിൽ ഒരുമിനുട്ടിൽ താഴെയുള്ള അതീവഹ്രസ്വചിത്രങ്ങൾ, അഞ്ചുമിനുട്ടിൽ താഴെയുള്ള ഹ്രസ്വചിത്രങ്ങൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി അൻപതോളം ഹ്രസ്വചിത്രങ്ങളാണ് വിദ്യാത്ഥികൾക്കായി പ്രദർശിപ്പിച്ചത്. അക്സ ജോസഫ് മോഡറേറ്റർ ആയിരുന്നു.
ഇൻസൈറ്റിനെ പ്രതിനിധീകരിച്ചു ഫെസ്റ്റിവൽ ഡയറക്ടർ കെ. വി. വിൻസെന്റ്, വൈസ് പ്രസിഡന്റ് സി. കെ. രാമകൃഷ്ണൻ, ജനറൽ സെക്രട്ടറി മേതിൽ കോമളൻകുട്ടി എന്നിവരും ടീച്ചർമാരും വിദ്യാർത്ഥികളും സംവാദങ്ങളിൽ പങ്കുകൊണ്ടു സംസാരിച്ചു.
ഇൻസൈറ്റിന്റെ സെപ്റ്റംബറിലെ മേളയിലേക്കുള്ള ചിത്രങ്ങൾ സ്വീകരിക്കുന്ന അവസാന തിയ്യതി ജൂലൈ 31 ആണ്.
കൂടുതൽ വിവരങ്ങക്ക് www.insightthecreativegroup.com 9446000374/9496094153