ശ്രീകൃഷ്ണപുരം സെൻ്റ് ഡൊമനിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിനി ആശിര്‍നന്ദ ജീവനൊടുക്കിയ സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് പൊലീസ്. മരിക്കുന്നതിന് മുൻപ് ആശിർനന്ദ എഴുതിയ കുറിപ്പ് പൊലീസിന് ലഭിച്ചു. ആശിർനന്ദയുടെ സുഹൃത്തുക്കളാണ് കുറിപ്പ് പൊലീസിന് കൈമാറിയത്. തന്റെ ജീവിതം സ്‌കൂളിലെ അധ്യാപകര്‍ തകര്‍ത്തുവെന്ന് ആത്മഹത്യാക്കുറിപ്പില്‍ ആശിര്‍നന്ദ എഴുതിയിരുന്നതായി സുഹൃത്തുകള്‍ വെളിപ്പെടുത്തി.അര്‍ച്ചന, അമ്പിളി എന്നീ അധ്യാപകരുടെ പേര് കൂടി ആത്മഹത്യകുറിപ്പില്‍ ഉണ്ടായിരുന്നുവെന്നും സ്‌റ്റൈല്ലാ ബാബു എന്ന അധ്യാപിക മാനസികമായി പീഡിപ്പിച്ചിരുന്നതായി ആശിര്‍നന്ദ പറഞ്ഞിരുന്നതായും സുഹൃത്തുക്കൾ മൊഴി നൽകി. സുഹൃത്തിന്റെ നോട്ടുപുസ്തകത്തിന്റെ പിൻഭാഗത്തായാണ് ആശിര്‍നന്ദ ആത്മഹത്യാക്കുറിപ്പ് എഴുതിയിരുന്നത്. കുട്ടികളില്‍ നിന്ന് കുറിപ്പ് ലഭിച്ചുവെന്ന് പൊലീസും വ്യക്തമാക്കി. അതിനിടെ ആരോപണവിധേയരായ അധ്യാപകരെ പുറത്താക്കിയതായി സ്കൂൾ മാനേജ്മെന്റ് രക്ഷിതാക്കളേയും ബന്ധുക്കളേയും രേഖാമൂലം അറിയിച്ചു. സംഭവം ചർച്ചചെയ്യാൻ വിളിച്ച യോഗത്തിലാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്.