കൊച്ചി. എംഡിഎംഎയുമായി പിടികൂടി റിമാൻഡിലായ പാറശ്ശാല ചെറുവാരക്കോണം സിഎസ്ഐ ലോ കോളേജിലെ രണ്ടാം സെമസ്റ്റർ വിദ്യാർത്ഥി സൽമാൻ ഖാന് ഹൈക്കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. ബാംഗ്ലൂരിൽ നിന്ന് തമിഴ്‌നാട് നാഗർകോവിൽ വഴി തിരുവനന്തപുരം കോവളത്തേയ്ക്ക് കടത്തുവാൻ ശ്രമിച്ച എംഡിഎംഎയാണ് കേരള ദക്ഷിണ മേഖല എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക ഇന്റെലിജൻസ് സ്‌ക്വാഡ് വിഴിഞ്ഞം തിരുവനന്തപുരം ബൈപ്പാസ് റോഡിൽ വച്ച് കഴിഞ്ഞ മാർച്ചിൽ അതി സാഹസികമായി പിടികൂടി മയക്കുമരുന്ന് വേട്ട നടത്തിയത്. മയക്കുമരുന്നുമായി പ്രതികൾ കാറിൽ സഞ്ചരിക്കുന്നത് പിൻതുടർന്ന സംഘത്തെ തെറ്റിദ്ധരിപ്പിക്കുവാൻ കാരോട് ബൈപ്പാസ് ഭാഗത്ത് വച്ച് പ്രതികൾ കാറ് ഉപേക്ഷിച്ച് ബൈക്കിൽ രക്ഷപ്പെടുവാൻ ശ്രമിക്കവെയാണ് പിടിയിലാകുന്നത്.
കണ്ടെടുത്ത മയക്കുമരുന്നും പ്രതികളെയും പ്രത്യേക സ്‌ക്വാഡ് തിരുപുറം എക്സൈസ് റേഞ്ച് ഓഫീസിന് കൈമാറുകയും നെയ്യാറ്റിൻകര മജിസ്‌ട്രേറ്റ് കോടതി പ്രതികളെ റിമാൻഡും ചെയ്തു. കേസിലെ രണ്ടാം പ്രതിയായ നിയമ വിദ്യാർത്ഥി സൽമാൻ ഖാൻ നൽകിയ ജാമ്യ ഹർജി നെയ്യാറ്റിൻകര മജിസ്‌ട്രേറ്റ് കോടതി, തിരുവനന്തപുരം ജില്ലാ സെക്ഷൻ കോടതി, ഹൈക്കോടതി എന്നിവിടങ്ങളിൽ നേരത്തെ തള്ളിയിരുന്നു. തുടർന്ന് ഹൈക്കോടതിയിലെ പ്രമുഖ യുവ അഭിഭാഷകൻ അഡ്വ. കുളത്തൂർ ജയ്‌സിങ് മുഖാന്തിരം രണ്ടാം പ്രതി ഹൈക്കോടതിയെ സമീപിച്ചതോടെയാണ് ജാമ്യം ലഭിച്ചത്. ധനുവച്ചപുരം എൻഎസ്എസ് കോളേജിൽ നടന്ന വിദ്യാർത്ഥി സംഘർഷവുമായി ബന്ധപ്പെട്ട് ഐ.എച്ച്.ആർ.ടി. കോളേജ് അടിച്ച് തകർത്തത്തിനും, ധനുവച്ചപുരം ഉദിയൻകുളങ്ങര ഭാഗത്ത് അക്രമം അഴിച്ച് വിട്ടതിനും രണ്ടാം പ്രതിക്ക് എതിരെ പാറശ്ശാല പോലീസ് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മയക്കുമരുന്ന് കേസിൽ ജാമ്യം അനുവദിക്കരുതെന്നും തുടങ്ങി നിരവധി വാദമുഖങ്ങളാണ് പ്രോസിക്യൂഷന് വേണ്ടി സർക്കാർ അഭിഭാഷകൻ കോടതിയിൽ നിരത്തിയത്.
പ്രോസിക്യൂഷന്റെ വാദത്തിനെതിരെ പ്രതിഭാഗത്തെ പ്രമുഖ യുവ അഭിഭാഷകനായ അഡ്വ. കുളത്തൂർ ജയ്‌സിങ്ങിന്റെ നിലപാടിനോട് കോടതി അനുകൂല നിലപാടിൽ ഒടുവിൽ എത്തുകയായിരുന്നു. ജസ്റ്റിസ് ബിച്ചു കുര്യൻ കർശന ഉപാധികളോടെയാണ് പ്രതിയ്ക്ക് ജാമ്യം അനുവദിച്ചിട്ടുള്ളത്. അത്യപൂർവ്വമായിട്ടെ ഇത്തരം കേസുകളിൽ കോടതി ജാമ്യം അനുവദിക്കാറുള്ളൂ . മയക്കുമരുന്ന് കേസിൽ പ്രതിയായ സൽമാൻ ഖാനെ കേരള സർവ്വകലാശാല വൈസ് ചാൻസലറുടെ നിർദ്ദേശാനുസരണം കോളേജ് അധികൃതർ പുറത്താക്കിയിരുന്നു.
എസ് എഫ് ഐ യുടെ പ്രാദേശിക നേതാവായ സൽമാൻ ഖാനെ മയക്കുമരുന്നുമായി പിടികൂടിയതിനാൽ കോളേജിൽ തിരികെ എടുക്കരുതെന്ന് വിദ്യാർത്ഥി സംഘടനകളായ കെ എസ് യു വും എബിബിപിയും ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. എന്നാൽ പ്രതിയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ച സാഹചര്യത്തിൽ കോളേജിൽ തിരിച്ചെടുക്കുന്ന കാര്യം സർവ്വകലാശാല അധികൃതർക്ക് പുനഃ പരിശോധിക്കേണ്ടി വരും എന്നാണ് നിയമ വൃത്തങ്ങൾ പറയുന്നത്.
വിചാരണ പൂർത്തിയായ ശേഷം മാത്രമേ തെളിവുകളുടെ അഭാവത്തിൽ ഇത്തരം കേസുകളിൽ പ്രതികൾക്ക് ജയിൽ മോചിതമാകുവാൻ സാധാരണ കഴിയൂ. മയക്കുമരുന്ന് കേസിൽ അന്വേഷണ റിപ്പോർട്ട് കോടതിയിൽ എത്തുന്നതിന് മുമ്പോ വിചാരണ ഘട്ടത്തിലോ സുപ്രീം കോടതി മാനദണ്ഡം ഉള്ളതിനാൽ പ്രതികൾക്ക് സാധാരണ ഹൈക്കോടതികളും വിചാരണ കോടതികളും ജാമ്യം അനുവദിക്കാറില്ല.