ഒറ്റപ്പാലം. മഹാകവി കുഞ്ചൻ നമ്പ്യാരുടെ തുള്ളൽ കലയിൽ അച്ചൻ്റെയും അമ്മയുടെയും പാത പിൻതുടർന്ന് 6-ാം ക്ലാസുകാരി അദ്വൈതയും അരങ്ങിലെത്തിയത് ശ്രദ്ധേയമായി. പുത്തൂർ വാഗീശ്വരം വിഷ്ണു ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ചാണ് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി അരങ്ങിൽ നിറസാന്നിധ്യമായ പ്രസിദ്ധ തുള്ളൽ കലാകാരനും തിരുവില്വാമല വെങ്കിച്ചൻ സ്മാരക കലാകേന്ദ്രത്തിലെ തുളളൽ അധ്യാപകനുമായ തുള്ളൽ കലാശ്രീ കുഞ്ചൻ സ്മാരകം രാജേഷിൻ്റെ മകൾ അരങ്ങേറ്റം കുറിച്ചത്.
രാമാനുചരിതം കഥയാണ് അവതരിപ്പിച്ചത്. ഒറ്റപ്പാലത്തെ പാലപ്പുറം ലക്ഷ്മി നാരായണ വിദ്യാനികേതനിലെ അറാംക്ലാസ് വിദ്യാർത്ഥിയാണ് അദ്വൈത. മൂന്ന് വയസ്സു മുതൽ തുള്ളൽ അഭ്യസിക്കുന്നുണ്ട് അദ്വൈത. വായ്പ്പാട്ടിൽ അച്ഛൻ കുഞ്ചൻ സ്മാരകം രാജേഷും, അമ്മ പ്രിയയും മൃദംഗത്തിൽ ആർ. എൽ. വി പ്രശാന്തും അകമ്പടി ഒരുക്കി.