കൊച്ചി. ബാലരാമപുരം ജങ്ഷനിൽ വിഴിഞ്ഞം റോഡിൽ സ്റ്റേജ് കെട്ടി സമ്മേളനം നടത്തിയതിന് പരിപാടിയുടെ സംഘാടകർ ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി. റോഡ് കയ്യേറി പരിപാടികൾ നടത്തരുതെന്ന് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് ലംഘിച്ചാണ് കഴിഞ്ഞ ജനുവരി അഞ്ചാം തീയതി ബാലരാമപുരം ജങ്ഷനിലെ വിഴിഞ്ഞം റോഡിൽ വനിതാ ജ്വാല പരിപാടി സംഘടിപ്പിച്ചതെന്ന് കാണിച്ച് അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ആണ് കോടതിയലക്ഷ്യ ഹർജി നൽകിയത്. ബാലരാമപുരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. ഷബീലാബീവി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ എൻ. വത്സലകുമാരി എന്നിവർ സംഘാടകരായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിയായിരുന്ന കിരൺ നാരായണൻ ആണ് പരിപാടി ഉദ്ഘാടനം ചെയ്തത്. സംഘാടകരും , ബാലരാമപുരം പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്‌പെക്ടർ ധർമ്മജിത്ത് എന്നിവരോട് നേരിട്ട് ഹാജരാകുവാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവർ കോടതിയിൽ നേരിട്ട് ഹാജരായത്. ഹർജി ഭാഗത്തിനായി ആർ. ഗോപൻ ഹാജരായി.