anugrahavision.com

Onboard 1625379060760 Anu

വിനു മങ്കാദ് ട്രോഫി: ഏഴ് വിക്കറ്റ് നേട്ടവുമായി കേരള താരം ആദിത്യ ബൈജു*

തിരുവനന്തപുരം: അണ്ടർ 19 വിനു മങ്കാദ് ട്രോഫിയിൽ തകര്‍പ്പൻ പ്രകടനവുമായി കേരള താരം ആദിത്യ ബൈജു. ഉത്തരാഖണ്ഡിന് എതിരായ മത്സരത്തിൽ ഏഴ് വിക്കറ്റ് വീഴ്ത്തിയാണ് ആദിത്യ ശ്രദ്ധേയനായത്.

ആദ്യ ഓവറിൽ തന്നെ രണ്ട് വിക്കറ്റ് വീഴ്ത്തിയാണ് ആദിത്യ തന്‍റെ ഉജ്ജ്വല സ്പെല്ലിന് തുടക്കമിട്ടത്. ഉത്തരാഖണ്ഡ് ക്യാപ്റ്റൻ ആരവ് മഹാജനെയും തുടർന്നെത്തിയ ആയുഷ് ദേസ്വാളിനെയും ക്ലീൻ ബൗൾഡാക്കുകയായിരുന്നു ആദിത്യ. തുടർന്ന് മികച്ച കൂട്ടുകെട്ടുമായി കൂറ്റൻ സ്കോറിലേക്ക് നീങ്ങിയ ഉത്തരാഖണ്ഡിനെ 297ൽ പിടിച്ചു കെട്ടിയതും ആദിത്യയുടെ ബൗളിങ് മികവാണ്. 45ആം ഓവറിലും 47ആം ഓവറിലും ആദിത്യ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. പത്ത് ഓവറിൽ 67 റൺസ് വഴങ്ങി ഏഴ് വിക്കറ്റാണ് ആദിത്യ സ്വന്തമാക്കിയത്. വിനു മങ്കാദ് ട്രോഫിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ബൗളിങ് പ്രകടനങ്ങളിലൊന്നാണ് ആദിത്യയുടേത്. ആദിത്യയുടെ മികച്ച പ്രകടനത്തിനും പക്ഷെ ടീമിന് വിജയമൊരുക്കാനായില്ല. മത്സരത്തിൽ കേരളം 131 റൺസിൻ്റെ തോൽവി വഴങ്ങി.

കോട്ടയം കുമരകം സ്വദേശിയായ ആദിത്യ കളിച്ചു വളര്‍ന്നത് ദുബായിലാണ്. അച്ഛന്‍റെ ക്രിക്കറ്റ് ആവേശം പിന്തുടർന്നാണ് ആദിത്യയും ക്രിക്കറ്റിലേക്ക് ചുവട് വയ്ക്കുന്നത്. അച്ഛനായ ബൈജു ജില്ല, സോൺ തലങ്ങളിൽ വരെയുള്ള ടീമുകളിൽ കളിച്ചിട്ടുണ്ട്. സ്മിതയാണ് അമ്മ.

കേരളത്തിൽ നിന്ന് എംആർഎഫ് പേസ് ഫൗണ്ടേഷനിൽ പരിശീലനത്തിന് സെലക്ഷൻ ലഭിച്ച ആദിത്യ കേരളത്തിൻ്റെ ഭാവി പേസ് ബൗളിങ് പ്രതീക്ഷയാണ്. അടുത്തിടെയാണ് ആദിത്യയ്ക്ക് സെലക്ഷൻ ലഭിച്ചത്. മികച്ച വേഗവും ലൈനും ലെങ്തുമാണ് ആദിത്യയുടെ കരുത്ത്. നിർണ്ണായക ഘട്ടങ്ങളിൽ വിക്കറ്റെടുക്കാനുള്ള കഴിവാണ് മറ്റൊരു മികവ്.

കഴിഞ്ഞ വർഷവും കേരളത്തിന്‍റെ അണ്ടർ 19 ടീമിൽ അംഗമായിരുന്നു ആദിത്യ. ഇതിനു പറമെ കെസിഎയുടെ എലൈറ്റ് ടൂർണ്ണമെന്‍റുകളായ കോറമാൻ്റൽ ട്രോഫിയിലും സെലസ്റ്റിയൽ ട്രോഫിയിലും മികച്ച പ്രകടനവും കാഴ്ച വച്ചു. കോറമാൻ്റൽ ട്രോഫിയിൽ മികച്ച ബൗളറായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ, സെലസ്റ്റിയൽ കപ്പിലെ പ്രോമിസിങ് പ്ലെയറായിരുന്നു ആദിത്യ. ഈ മികവാണ് തുടർച്ചയായ രണ്ടാം വർഷവും അണ്ടർ 19 ടീമിലേക്ക് വഴി തുറന്നത്.

Spread the News
0 Comments

No Comment.