anugrahavision.com

മാവോയിസ്റ്റ് നേതാവ് സി പി മൊയ്തീന്‍ ആലപ്പുഴയില്‍ പിടിയിലായി; അറസ്റ്റ് ചെയ്തത് ആൻ്റി ടെററിസ്റ്റ് സ്ക്വാഡ്*

സിപിഐ (മാവോയിസ്റ്റ്) പശ്ചിമഘട്ട പ്രത്യേക മേഖല കമ്മിറ്റി അംഗം മലപ്പുറം പാണ്ടിക്കാട് വളരാട് ചെറുകപ്പള്ളി വീട്ടില്‍ സി പി മൊയ്തീനെ (49 വയസ്സ് ) കേരള പോലീസിന്‍റെ ആന്‍റി ടെററിസ്റ്റ് സ്ക്വാഡ് ആലപ്പുഴ ജില്ലയിലെ മാരാരിക്കുളത്തുവച്ച് അറസ്റ്റ് ചെയ്തു.

കൊല്ലത്തുനിന്ന് തൃശ്ശൂരിലേയ്ക്ക് കെഎസ്ആര്‍ടിസി ബസ്സില്‍ യാത്ര ചെയ്യുന്നുണ്ടെന്നു ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ആലപ്പുഴയില്‍ വച്ച് ഇയാളെ അറസ്റ്റ് ചെയ്തത്. നക്സല്‍ബാരി പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ സ്ഫോടകവസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതിനിടെ ഇയാളുടെ വലതു കൈപ്പത്തി നഷ്ടപ്പെട്ടിരുന്നു. നിലവില്‍ കേരളത്തിന്‍റെ ചുമതലയുള്ള മാവോയിസ്റ്റ് നേതാവാണ് മൊയ്തീന്‍.

കണ്ണൂര്‍ ജില്ലയിലെ അമ്പായത്തോട് ജംഗ്ഷനില്‍ മൊയ്തീന്‍ ഉള്‍പ്പെടെ നാലു പ്രതികള്‍ തോക്കുമായി വന്ന് നിരോധിത സംഘടനയുടെ പ്രവര്‍ത്തനം നടത്തിയ കേസിലാണ് അറസ്റ്റ്.

2014 മുതല്‍ വിവിധ കേസുകളില്‍പെട്ട് ഒളിവിലായ ഇയാള്‍ നിലവില്‍ 36 കേസുകളില്‍ പ്രതിയാണ്. 2019ല്‍ വൈത്തിരിയില്‍ വച്ച് പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സിപിഐ (മാവോയിസ്റ്റ്) നേതാവ് സി പി ജലീലിന്‍റെ സഹോദരനാണ് ഇയാള്‍. ഇയാളുടെ മറ്റ് സഹോദരങ്ങളായ സിപി റഷീദും സിപി ഇസ്മയിലും മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കേസുകളിലെ പ്രതികളാണ്.

 

Spread the News
0 Comments

No Comment.