ചെർപ്പുളശ്ശേരി. കാറൽമണ്ണ പൊതുജന വായനശാലയിലെ ലൈബ്രേറിയൻ നാരായണൻ വിട വാങ്ങി. കുറച്ചുനാളുകളായി അസുഖബാധിതനായി കിടപ്പിലായിരുന്നു നാരായണൻ. വായനശാലയിൽ എത്തുന്നവരുടെ പ്രിയങ്കരനായ നാരായണേട്ടൻ വർഷങ്ങളായി വായനശാലയുടെ കാവൽക്കാരനും ലൈബ്രറിയനും ആയി അവിടെ ഉണ്ടായിരുന്നു. വായനശാലയുടെ തൊട്ടടുത്തു തന്നെയാണ് വീട് ഏതു സമയത്തും ഏതു പുസ്തകവും നാരായണനോട് ചോദിച്ചാൽ പെട്ടെന്ന് എടുത്തു തരും. ലൈബ്രറിയിൽ ഉള്ള എല്ലാ പുസ്തകങ്ങളും വായിച്ചു തീർക്കാനും നാരായണേട്ടൻ മടി കാണിച്ചിട്ടില്ല. ഒരു ഒറ്റമുണ്ടും ചുറ്റി മിതഭാഷിയായ നാരായണേട്ടൻ എല്ലാവരോടും സ്നേഹം ചിരിയിൽ ഒതുക്കി വായനശാലയിൽ ഒതുങ്ങി കഴിഞ്ഞു കൂടും. നാട്ടിൽ നടക്കുന്ന എല്ലാ കാര്യങ്ങളും മൗനത്തിൽ ഗ്രഹിച്ചെടുക്കും. ആരോടും ദേഷ്യം പ്രകടിപ്പിക്കാതെ എല്ലാം സഹിച്ചും ക്ഷമിച്ചും കഴിയുന്ന നാരായണേട്ടനെ എല്ലാവരും സ്നേഹത്തോടെ മാത്രമേ കാണാറുള്ളൂ. മഹാരഥന്മാരായ ഒട്ടേറെ ആളുകൾ വന്നുപോയ സ്ഥലം കൂടിയാണ് കാറൽമണ്ണ വായനശാല. എം ടി അടക്കമുള്ള ആളുകൾ വായനശാലയിൽ വന്നിരുന്നു വർത്തമാനം പറഞ്ഞതെല്ലാം നാരായണേട്ടൻ ഓർത്തെടുക്കും. പുസ്തക പ്രേമികളായ കോട്ടക്കൽ ശിവരാമൻ അടക്കമുള്ള കഥകളി നടന്മാരും മുല്ലനേഴി മാഷ് അടക്കമുള്ള കവികളും വായനശാലയിൽ ചിലവഴിച്ച കാലം നാരായണേട്ടൻ മറന്നിട്ടുണ്ടായിരുന്നില്ല. പുതിയ തലമുറ യോടും തികഞ്ഞ സ്നേഹവും ബഹുമാനവും പ്രകടിപ്പിക്കുന്ന നാരായണേട്ടൻ വിട വാങ്ങുമ്പോൾ അലമാരിയിലെ പുസ്തകങ്ങളും അല്പം കണ്ണീർ പൊഴിച്ചെങ്കിൽ അത് ഒരു അതിശയോക്തിയാവില്ല. കാരണം അത്രയേറെ പുസ്തകങ്ങളെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന ഒരു ആളു കൂടിയായിരുന്നു കാറൽമണ്ണയുടെ പ്രിയങ്കരനായ നാരായണേട്ടൻ