anugrahavision.com

Onboard 1625379060760 Anu

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ* *സബ്മിഷന് മുഖ്യമന്ത്രിയുടെ മറുപടി

ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് വിവിധ ജയിലുകളിലെ തടവുകാര്‍ക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ശിക്ഷാ ഇളവ് / അകാല വിടുതല്‍ നല്‍കുന്നത് സംബന്ധിച്ച് 25.11.2022ലെ സര്‍ക്കാര്‍ ഉത്തരവിലെ മാനദണ്ഡ പ്രകാരം പരിഗണിക്കേണ്ട തടവുകാരുടെ പട്ടിക ജയില്‍ മേധാവി സര്‍ക്കാരില്‍ ലഭ്യമാക്കിയിരുന്നു.

പട്ടികയില്‍ അനര്‍ഹര്‍ ഉള്‍പ്പെട്ടതായി കണ്ടതിനാല്‍ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് പുതുക്കിയ പട്ടിക സമര്‍പ്പിക്കുവാന്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി 03.06.2024ന് ജയില്‍ വകുപ്പ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

പ്രത്യേക ഇളവ് അനുവദിക്കരുതെന്ന് ബഹു. കോടതി പ്രഖ്യാപിച്ചിട്ടുള്ള കേസുകളില്‍ ഉള്‍പ്പെട്ട പ്രതികള്‍ക്ക് നിലവിലെ മാനദണ്ഡപ്രകാരം ശിക്ഷായിളവിന് അര്‍ഹതയില്ല. SC No. 867/2012 കേസിലെ ശിക്ഷാതടവുകാര്‍ക്ക് 20 വര്‍ഷം തടവ് പൂര്‍ത്തിയാക്കും മുമ്പ് ഇളവ് അനുവദിക്കരുതെന്ന ബഹു. ഹൈക്കോടതി ഉത്തരവ് നിലവിലുണ്ട്.

SC No. 867/2012 നമ്പര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് തടവിലുള്ളവരുടെ ശിക്ഷായിളവ് സംബന്ധിച്ച് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട്, പോലീസ് റിപ്പോര്‍ട്ട് തേടിയത് മാനദണ്ഡപ്രകാരമല്ല. ഇത് സംബന്ധിച്ച മാധ്യമ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടയുടന്‍ സൂപ്രണ്ടിന്റെ വിശദീകരണം ജയില്‍ മേധാവി തേടുകയും ചെയ്തിരുന്നു. പ്രസ്തുത കേസിലെ പ്രതികളെ ഒഴിവാക്കി ശിക്ഷാ ഇളവിനുള്ളവരുടെ അന്തിമ പട്ടിക സര്‍ക്കാരില്‍ നല്‍കുമെന്ന് വ്യക്തമാക്കി 22.06.2024 ന് ജയില്‍ മേധാവി പത്രക്കുറിപ്പും നല്‍കിയിരുന്നു.

ശിക്ഷാ ഇളവിന് പരിഗണിക്കുന്ന തടവുകാരുടെ വിവരങ്ങള്‍ ആരാഞ്ഞ് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ കത്തും ഇക്കാര്യത്തില്‍ ജയില്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സിലേക്ക് ജയില്‍ സൂപ്രണ്ട് നല്‍കിയ വിശദീകരണവും മാധ്യമങ്ങള്‍ക്ക് ലഭിക്കുന്ന സ്ഥിതിയുണ്ടായിട്ടുണ്ട്. ഇതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി പരിശോധിക്കുന്നതാണ്.

തെറ്റായ പട്ടിക തയ്യാറാക്കി പോലീസ് റിപ്പോര്‍ട്ട് തേടിയതിന് ഉത്തരവാദികളായ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ ചുമതലയുള്ള ജോയിന്റ് സൂപ്രണ്ട് കെ.എസ്. ശ്രീജിത്ത്, അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ്-1 ശ്രീ. ബി.ജി.അരുണ്‍, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ശ്രീ. ഒ.വി. രഘുനാഥ് എന്നിവരെ അന്വേഷണവിധേയമായി സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്യാന്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്.

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ശിക്ഷാ ഇളവ് നല്‍കുന്നതിന് 2022 ലെ മാനദണ്ഡങ്ങള്‍ പ്രകാരമുള്ള തടവുകാരുടെ പുതുക്കിയ പട്ടിക സര്‍ക്കാരിന്റെ പരിഗണനയ്ക്ക് വന്നിട്ടില്ല. ഈ സാഹചര്യത്തില്‍ SC No. 867/2012 കേസിലെ ശിക്ഷാതടവുകാര്‍ക്ക് ശിക്ഷാ ഇളവ് നല്‍കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലില്ല. ഇത് സംബന്ധിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്.

മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി എം.ബി രാജേഷ് മറുപടി നൽകി.

Spread the News
0 Comments

No Comment.