മണ്ണാർക്കാട്.ഡ്രോയിങ്ങിലും പെയിന്റിങ്ങിലും അഗ്രഗണ്യയായ അഞ്ജു സജീവ് കുഞ്ഞി തിടമ്പുകൾ നിർമ്മിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. ലോക്ഡൗൺ സമയത്താണ് അഞ്ജു ചിത്രം വരച്ചു തുടങ്ങിയത്. പിന്നീട് അതൊരു ഹരമായി മാറി. ഡ്രോയിങ്ങിലും പെയിന്റിങ്ങിലും തന്റെ ശ്രദ്ധ പതിപ്പിച്ച അഞ്ജു രണ്ടുതവണ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കി.
40 മിനിറ്റ് കൊണ്ട് 53 പോർട്ടറേറ്റ് വരച്ചാണ് അഞ്ജു റെക്കോർഡ് ഭേദിച്ചത്.
മണ്ണാർക്കാട് കാണിക്കുടിയിൽ സജീവിന്റെയും ബിന്ദുവിന്റെയും മകളാണ് അഞ്ജു. സെന്റ് ഡോമനിക് സ്കൂളിൽ നിന്നുമാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പിന്നീട് പൊറ്റശ്ശേരി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും പ്ലസ് ടു പാസായ അഞ്ജു ഇപ്പോൾ ലക്കിടി നെഹ്റു കോളേജിൽ എൽ എൽ ബി വിദ്യാർത്ഥിനിയാണ്
ഒഴിവു കിട്ടുമ്പോൾ എല്ലാം ചിത്രരചനയിൽ മുഴുകുന്ന അഞ്ജു അടുത്ത കാലത്താണ് കരകൗശല നിർമ്മാണത്തിലേക്ക് തിരിഞ്ഞത്. നെറ്റിപ്പട്ടങ്ങൾ എല്ലായിടത്തും ഉണ്ടാക്കുന്നുണ്ടെങ്കിലും തിടമ്പിലാണ് അഞ്ജു ഫോകസ് ചെയ്തത്
തന്റെ മാനസിക ഉല്ലാസത്തിനപ്പുറം വിപണി കണ്ടെത്താനോ കരകൗശല വസ്തുക്കളും, ചിത്രങ്ങളും വിൽപ്പനക്കോ അഞ്ജു തയ്യാറല്ല. വക്കീലായി പ്രാക്ടീസ് തുടങ്ങുമ്പോഴും തന്റെ ചിത്രരചനയും കരകൗശല വസ്തുക്കളുടെ നിർമ്മാണവും തുടരുമെന്ന് അഞ്ജു അനുഗ്രഹ വിഷനോട് പറഞ്ഞു. സഞ്ജയ് ആണ് സഹോദരൻ
No Comment.