തിരുവില്വാമല : ഓട്ടൻതുള്ളൽ കലാകാരന്മാർക്കായി മണലൂർ തുള്ളൽ കളരി സമഗ്ര സംഭാവനകളിലൂന്നി നൽകിവരുന്ന 2024 വർഷത്തെ മലബാർ രാമൻ നായർ സ്മാരക പുരസ്കാരവും,യുവതുള്ളൽ പ്രതിഭകൾക്കായുള്ള കലാമണ്ഡലം ഗോവിന്ദൻകുട്ടി സ്മൃതി പുരസ്കാരവും പ്രഖ്യാപിച്ചു. മലബാർ രാമൻ നായർ പുരസ്ക്കാരത്തിന് കുഞ്ചൻ സ്മാരകം രാജേഷും, കലാമണ്ഡലം ഗോവിന്ദൻകുട്ടി സ്മൃതി പുരസ്ക്കാരത്തിന് കലാമണ്ഡലം ജിനേഷുമാണ് അർഹരായിട്ടുള്ളത്.
2024 ജൂൺ ഒന്നാം തിയ്യതി ശനിയാഴ്ച്ച ഉച്ചതിരിഞ്ഞു 4 മണിക്ക് ഗുരുവായൂർ രുഗ്മണി റീജൻസിയിൽ നടക്കുന്ന പൈതൃകം ഗുരുവായൂരിന്റെ പ്രതിമാസ കുടുംബസംഗമത്തിൽ വെച്ച് ഗുരുവായൂർ ക്ഷേത്രം തന്ത്രി ഡോ. ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് പുരസ്കാരങ്ങൾ കൈമാറും.
പതിനായിരത്തിഒന്ന് രൂപയും പൊന്നാടയും pപ്രശസ്തിപത്രവും ഉപഹാരവും അടങ്ങുന്നതാണ് പുരസ്കാരം.
കലാമണ്ഡലം പരമേശ്വരൻ, കലാമണ്ഡലം രാധാമണി, ഡോ. കെ. ബി. പ്രഭാകരൻ എന്നിവരടങ്ങിയ ജഡ്ജിംങ്ങ് കമ്മിറ്റിയാണ് പുരസ്കാരജേതാക്കളെ തിരഞ്ഞെടുത്തത്.
ഇന്ന് കാണുന്ന രീതിയിൽ ഉള്ള തുള്ളൽ കലയെ അരങ്ങിലെത്തിച്ചതിൽ മുഖ്യ പങ്കുവഹിച്ച കേരളകലാമണ്ഡലത്തിലെ പ്രഥമ തുള്ളൽ അധ്യാപകൻ കൂടി ആണ് മലബാർ രാമൻ നായർ എന്ന് മണലൂർ തുള്ളൽ കളരി ഡയറക്ടർ മണലൂർ ഗോപിനാഥ് അറിയിച്ചു.
No Comment.