ദക്ഷിണേന്ത്യൻ റിയൽ എസ്റ്റേറ്റ് രംഗത്തെ പ്രമുഖനും കോൺഫിഡന്റ് ഗ്രൂപ്പ് സ്ഥാപകനുമായ ഡോ. സി.ജെ. റോയിയുടെ (57) വിയോഗം വ്യവസായ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ ബെംഗളൂരുവിലെ വസതിയിലും ഓഫീസിലും കൊച്ചിയിൽ നിന്നുള്ള ഇൻകം ടാക്സ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നതിനിടെയായിരുന്നു അപ്രതീക്ഷിത മരണം.
പരിശോധനയുമായി ബന്ധപ്പെട്ട രേഖകൾ എടുക്കാനായി ക്യാബിനിലേക്ക് പോയ അദ്ദേഹം സ്വന്തം കൈത്തോക്ക് ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു എന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. ഉടൻ തന്നെ നാരായണ ഹൃദയാലയത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കേരളം, ബെംഗളൂരു, ഗൾഫ് നാടുകൾ എന്നിവിടങ്ങളിലായി പടർന്നുപന്തലിച്ച ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമയായ സി.ജെ. റോയ്, മലയാള ചലച്ചിത്ര നിർമ്മാണ രംഗത്തും സജീവമായിരുന്നു. കാസനോവ, മരയ്ക്കാർ, ഐഡന്റിറ്റി തുടങ്ങി നിരവധി ചിത്രങ്ങൾ അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്. മുൻപും ഐടി റെയ്ഡുകൾക്കെതിരെ അദ്ദേഹം നിയമപോരാട്ടങ്ങൾ നടത്തിയിരുന്നു.