വട്ടിയൂർക്കാവ് എം എൽ എ വി.കെ പ്രശാന്ത് എം എൽ എയ്ക്ക് മണ്ഡല ഓഫീസ് വാടകയ്ക്കായി പ്രത്യേക തുക നല്കുന്നില്ലെന്ന് വിശദമാക്കുന്ന നിയമസഭാ സെക്രട്ടറിയേറ്റിൻ്റെ കത്ത് പുറത്തു വന്നു.
വളരെ തുച്ഛമായ പ്രതിമാസ വാടക നല്കി ഓഫീസ് പ്രവർത്തിപ്പിക്കുന്ന വി.കെ പ്രശാന്ത് കൂടുതൽ തുക കൈപ്പറ്റുകയും ഇത് സർക്കാരിന് നഷ്ടമുണ്ടാക്കുന്ന സാഹചര്യം പരിശോധിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് കഴിഞ്ഞ ദിവസം നിയമസഭാ സ്പീക്കർക്ക് പരാതി നല്കിയിരുന്നു. ഇതിന് അഡ്വ. കുളത്തൂർ ജയ്സിങിന് നിയമസഭാ സെക്രട്ടറിയേറ്റ് നല്കിയ മറുപടിയിലാണ് ഇതു സംബന്ധിച്ച നിയമസഭാ സെക്രട്ടറിയേറ്റിൻ്റെ വിശദീകരണം പുറത്ത് വന്നിരിക്കുന്നത് .
നിയമസഭാ സമാജികർക്ക് അവരുടെ മണ്ഡലത്തിലെ ഓഫീസിൻ്റെ വാടക നൽകുന്നതിനായി പ്രത്യേക തുക ഒന്നും തന്നെ നിയമസഭാ സെക്രട്ടറിയേറ്റിൽ നിന്നും നല്കുന്നില്ല. നിയമസഭാ അംഗം എന്ന നിലയിൽ തങ്ങളുടെ മണ്ഡലത്തിൽ ചുമതല നിർവ്വഹിക്കുന്നതിന് വേണ്ടിയുള്ള ചെലവുകൾക്ക് എല്ലാ സമാജികർക്കും 25,000 രൂപാ മണ്ഡല അലവൻസ് നല്കി വരുന്നതായി കത്തിൽ നിയമസഭാ സെക്രട്ടറിയേറ്റ് വ്യക്തമാക്കുന്നു.
മണ്ഡല അലവൻസിനെ സംബന്ധിച്ച് മാത്രമുള്ള വിവരങ്ങളാണ് മറുപടിയിൽ ഉള്ളതെന്നും ഇതിൻ്റെ മൂന്ന് ഇരട്ടിയിൽ കൂടുതൽ മാന്യമായ ശബളം അംഗങ്ങൾക്ക് ലഭിക്കുണ്ടെന്നും അഡ്വ. കുളത്തൂർ ജയ്സിങ് പ്രതികരിച്ചു.