anugrahavision.com

Onboard 1625379060760 Anu

രാജ്യത്ത് ആദ്യമായി ബയോമെഡിക്കല്‍ മാലിന്യ സംസ്‌കരണത്തിന് നൂതന സാങ്കേതികവിദ്യ അവതരിപ്പിച്ച് സിഎസ്‌ഐആര്‍-നിസ്റ്റ് കോണ്‍ക്ലേവ്*

തിരുവനന്തപുരം: സിഎസ്‌ഐആര്‍-നിസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന ബയോമെഡിക്കല്‍ വേസ്റ്റ് മാനേജ്‌മെന്റ് കോണ്‍ക്ലേവില്‍ രോഗകാരികളായ ബയോമെഡിക്കല്‍ മാലിന്യ സംസ്‌കരണത്തിന് നൂതന സംവിധാനം അവതരിപ്പിച്ചു. പാപ്പനംകോടുള്ള കേന്ദ്ര ശാസ്ത്ര – സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള സി.എസ്.ഐ.ആര്‍- നിസ്റ്റും അങ്കമാലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് സംരംഭം ബയോവാസ്തും സൊലൂഷന്‍സും സംയുക്തമായാണ് നവീന സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്.

ഒരു കിലോ മെഡിക്കല്‍ മാലിന്യം വെറും 3 മിനിട്ട് കൊണ്ട് കാര്‍ഷികാവശ്യത്തിനു അനുയോജ്യമായ സോയില്‍ അഡിറ്റീവായി മാറ്റിയെടുക്കാന്‍ സാധിക്കുന്ന ഉത്പന്നമാണ് തങ്ങള്‍ വികസിപ്പിച്ചെടുത്തതെന്ന് ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ച സിഎസ്‌ഐആര്‍- നിസ്റ്റ് ഡയറക്ടര്‍ ഡോ.സി.അനന്തരാമകൃഷ്ണന്‍ പറഞ്ഞു. പുതിയ സാങ്കേതികവിദ്യയുടെ സഹായത്താല്‍ രോഗകാരികളായ മെഡിക്കല്‍ മാലിന്യങ്ങള്‍ ചെലവ് കുറഞ്ഞ രീതിയില്‍ ആശുപത്രികളില്‍ തന്നെ സംസ്‌ക്കരിക്കാന്‍ കഴിയുമെന്ന് ബയോ വാസ്തും സൊല്യൂഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോഷി വര്‍ക്കി പറഞ്ഞു. സുരക്ഷിതമായി മെഡിക്കല്‍ മാലിന്യങ്ങള്‍ സംസ്‌ക്കരിക്കുന്നതില്‍ വലിയ വെല്ലുവിളികള്‍ നേരിടുന്ന ആശുപത്രികള്‍ക്കും ആരോഗ്യവകുപ്പിനും ഈ സാങ്കേതികവിദ്യ വലിയൊരു ആശ്വാസമായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രാവിലെ ബയോമെഡിക്കല്‍ മാലിന്യ സംസ്‌കരണത്തിന്റെ പ്രധാന്യം എന്ന വിഷയത്തില്‍ വിദഗ്ദ്ധര്‍ പങ്കെടുത്ത പാനല്‍ ചര്‍ച്ച നടന്നു.
ബയോമെഡിക്കല്‍ മാലിന്യങ്ങളില്‍ നിന്നും പകര്‍ച്ചവ്യാധികളുടെ വ്യാപനം തടയുന്നതിന് അതിന്റെ ഉറവിടങ്ങളില്‍ നിന്നും അത് ജലത്തിലൂടെയോ അന്തരീക്ഷത്തിലൂടെയോ മനുഷ്യനിലേക്കോ മൃഗങ്ങളിലേക്കോ എത്തിച്ചേരുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു.
ഓരോ ആശുപത്രികളിലും ബയോമെഡിക്കല്‍ മാലിന്യങ്ങളുടെ അളവ് ഇക്കാലത്ത് ക്രമാധീതമായി വര്‍ധിച്ചിട്ടുണ്ടെന്നും ഇവയൊന്നും കൃത്യമായി സംസ്‌കരിക്കാനായില്ലെങ്കില്‍ രോഗവ്യാപനം സംഭവിക്കുമെന്നും ആരോഗ്യ വിദഗ്ദ്ധര്‍ പറഞ്ഞു. അപകടകാരികളായ ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ കൃത്യമായി ഉറവിടങ്ങളില്‍ തന്നെ സംസ്‌കരിക്കുന്നതിനുള്ള വികേന്ദ്രീകൃതമായ പരിഹാരങ്ങളാണ് ബയോമെഡിക്കല്‍ മാലിന്യ സംസ്‌കരണം സംബന്ധിച്ച പാനല്‍ ചര്‍ച്ചയില്‍ പ്രധാനമായും ഉരുത്തിരിഞ്ഞത്.

രാവിലെ നടന്ന സമ്മേളനം ന്യൂഡല്‍ഹി എയിംസ് ഡയറക്ടര്‍ ഡോ.എം.ശ്രീനിവാസ് ഉദ്ഘാടനം ചെയ്തു.
ഡി.എസ്.ഐ.ആര്‍ സെക്രട്ടറിയും സി എസ് ഐ ആര്‍ ഡയറക്ടര്‍ ജനറലുമായ ഡോ.എന്‍ കലൈസെല്‍വി അധ്യക്ഷത വഹിച്ചു. ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഡയറക്ടര്‍ ഡോ.സഞ്ജയ് ബെഹാരി, കേരള സ്റ്റേറ്റ് പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍ പേഴ്‌സണ്‍ ശ്രീകല എസ്, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സ്റ്റേറ്റ് പ്രസിഡന്റ് ഡോ.ജോസഫ് ബെനാവെന്‍, നാഗ്പൂര്‍ ഐ.സി.എം.ആര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഒക്യുപേഷണല്‍ ഹെല്‍ത്ത് ഡയറക്ടര്‍ ഇന്‍ചാര്‍ജും പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വൈറോളജിയിലെ ബി.എസ്.എല്‍ – 4 ഫെസിലിറ്റി വിഭാഗം മേധാവിയുമായ ഡോ. പ്രഖ്യാ യാദവ് , തിരുവനന്തപുരം നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടര്‍ എം.എസ് ഫൈസല്‍ ഖാന്‍, സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്ട്രോള്‍ ബോര്‍ഡ് റീജിയണല്‍ ഡയറക്ടര്‍ ജെ. ചന്ദ്ര ബാബു, നിസ്റ്റ് സീനിയര്‍ സയിന്റിസ്റ്റ് ഡോ. ശ്രീജിത്ത് ശങ്കര്‍, എന്നിവര്‍ കോണ്‍ക്ലേവില്‍ പങ്കെടുത്ത് സംസാരിച്ചു.രാജ്യത്തെ പ്രമുഖ മെഡി. കോളജ്, ആശുപത്രി എന്നിവടങ്ങളിലെ വിദഗ്ദ്ധര്‍, നയരൂപകര്‍ത്താക്കള്‍,എന്‍ജിഒ, സാങ്കേതിക വിദഗ്ദ്ധര്‍ എന്നിവര്‍ ഉള്‍പ്പെടെ 250 ല്‍ അധികം ഡെലിഗേറ്റ്‌സുകള്‍ കോണ്‍ക്ലേവില്‍ പങ്കെടുത്തു.

Spread the News
0 Comments

No Comment.