കൊച്ചി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുക്കുംതോറും സ്ഥാനാർത്ഥികൾക്ക് പ്രവർത്തനത്തിന് ആളുകളെ കിട്ടുന്നില്ല എന്ന് പരാതി. പട്ടണ പ്രദേശങ്ങളിലാണ് ഏറ്റവും രൂക്ഷമായ പ്രശ്നങ്ങൾ നടക്കുന്നത്. ഗ്രാമ പ്രദേശങ്ങളിൽ പ്രവർത്തകർ സ്ഥാനാർത്ഥികൾക്കൊപ്പം ഉണ്ട്. ആയിരം രൂപയും ഭക്ഷണവും കൊടുത്താണ് കേരളത്തിൽ 50% സ്ഥാനാർത്ഥികളും പ്രവർത്തകരെ കൊണ്ട് നടക്കുന്നത്. ഇതിന് കക്ഷിരാഷ്ട്രീയഭേദമില്ല എന്നതാണ് രസകരമായ വസ്തുത. 500 രൂപയ്ക്ക് അന്യസംസ്ഥാനക്കാർ വരാൻ റെഡി യാണെങ്കിലും അവരെ കൂട്ടി നടക്കാൻ സ്ഥാനാർഥികൾ ഇഷ്ടപ്പെടുന്നില്ല. സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റുകളെ സപ്ലൈ ചെയ്യുന്ന കോൺട്രാക്ടർമാർക്ക് ഇത് സുവർണ്ണ അവസരമാണ്. അവരാണ് മിക്ക സ്ഥലത്തേക്കും ജാഥയ്ക്കും പൊതുസമ്മേളനത്തിനും ആളുകളെ എത്തിച്ചു നൽകുന്നത്. ഇതുപോലെ വിവിധ ആവശ്യങ്ങൾക്ക് മനുഷ്യരെ എത്തിക്കുന്ന നിരവധി സംഘടനകളും പ്രവർത്തകരും കേരളത്തിൽ സജീവമായി കഴിഞ്ഞു.