anugrahavision.com

വിള ഇന്‍ഷുറന്‍സ് പദ്ധതി: രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി നീട്ടണമെന്ന് ജില്ലാ വികസന സമിതി*

പാലക്കാട്. വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി നീട്ടണമെന്ന് ജില്ലാ വികസന സമിതി (ഡി.ഡി.സി.) യോഗത്തില്‍ ആവശ്യം. നിലവിലുള്ള തീയതിയായ സെപ്റ്റംബര്‍ 30 അശാസ്ത്രീയമാണെന്ന് എ. പ്രഭാകരന്‍ എം.എല്‍.എ. ചൂണ്ടിക്കാട്ടി. വിള നടീല്‍ ആരംഭിച്ചതിന് ശേഷം മാത്രമേ പദ്ധതിയില്‍ രജിസ്‌ട്രേഷന്‍ സാധ്യമാകൂ എന്നതിനാല്‍, നിലവിലെ സമയപരിധി കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് എടുക്കുന്നതിന് തടസ്സമാണെന്ന് എം.എല്‍.എ പറഞ്ഞു. ഒന്നാം വിളയുടെ കൊയ്ത്ത് പൂര്‍ത്തിയായി ശേഷം ഒക്ടോബറാടെയാണ് സാധാരണയായി ജില്ലയില്‍ രണ്ടാം വിളയുടെ നടീല്‍ ആരംഭിക്കുന്നത്. അതുകൊണ്ടുതന്നെ സെപ്റ്റംബര്‍ 30 എന്ന തീയതി പ്രായോഗികമല്ല. ജില്ലയില്‍ ഏകദേശം 50,000-ല്‍ അധികം കര്‍ഷകരാണ് വിള ഇന്‍ഷുറന്‍സിനായി ഓരോ സീസണിലും അപേക്ഷകള്‍ സമര്‍പ്പിക്കാറുള്ളത്. വിളനാശമുണ്ടാകുമ്പോള്‍ കര്‍ഷകര്‍ക്ക് സാമ്പത്തിക സംരക്ഷണം ഉറപ്പാക്കുന്ന ഈ സമഗ്ര പദ്ധതിയില്‍, പരമാവധി കര്‍ഷകരെ ഉള്‍പ്പെടുത്തുന്നതിന് തീയതി നീട്ടുന്നത് ആവശ്യമാണെന്നും എം.എല്‍.എ. പറഞ്ഞു.

വികസന പ്രവൃത്തികളില്‍ അനാവശ്യകാലതാമസം വരുന്നില്ലെന്ന കാര്യം ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടര്‍ എം.എസ് മാധവിക്കുട്ടി നിര്‍ദ്ദേശിച്ചു. വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് പൊളിച്ചിട്ടിരിക്കുന്ന റോഡുകളുടെ റിസ്റ്റോറേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തീകരിക്കുകയും പുരോഗതി അതത് എം.എല്‍.എമാരെ അറിയിക്കുകയും വേണം. നവകേരള സദസ്സ് നിര്‍ദ്ദേശങ്ങള്‍ പ്രകാരം ജില്ലയില്‍ നടപ്പാക്കുന്ന വികസന പദ്ധതികളുടെ പുരോഗതി അതത് വകുപ്പുകള്‍ ഉറപ്പാക്കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. പാലക്കാട് മണ്ഡലത്തിലെ ചുണ്ണാമ്പുതറ റോഡ് തകര്‍ന്ന പ്രശ്നം അടിയന്തിരമായി പരിഹരിക്കാനും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.
ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ ബ്ലഡ് ബാങ്കിന്റെ പ്രവര്‍ത്തനം ഒക്ടോബര്‍ അവസാനത്തോടു കൂടി ആരംഭിക്കാന്‍ സാധിക്കുന്ന വിധത്തില്‍ ക്രമീകരണങ്ങള്‍ നടത്തണമെന്ന് കെ. പ്രേകുമാര്‍ എം.എല്‍.എ യോഗത്തില്‍ ആവശ്യപ്പെട്ടു. അമ്പലപ്പാറ വേങ്ങശ്ശേരി റോഡില്‍ അപകടം പതിവാകുകയാണെന്നും ഇതൊഴിവാക്കാന്‍ അടിയന്തിര നടപടികള്‍ വേണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.

അമിത ഭാരം കയറ്റിയ ടോറസുകള്‍ കടന്നുപോകുന്നത് ജില്ലയില്‍ പലയിടങ്ങളിലും റോഡുകള്‍ തകരാന്‍ കാരണമാവുന്നുണ്ടെന്നും മോട്ടോര്‍ വാഹന വകുപ്പ് പരിശോധന ശക്തമാക്കണമെന്നും മുഹമ്മദ് മുഹസിന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. പട്ടാമ്പി സെന്‍ട്രല്‍ ഓര്‍ച്ചാഡിന്റെ പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നതിനും ഫാം ടൂറിസം പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമായി പ്രവൃത്തികള്‍ പുരോഗമിക്കുകയാണെന്ന് മുഹമ്മദ് മുഹസിന്‍ എം.എല്‍.എയുടെ ചോദ്യത്തിനുത്തരമായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. പട്ടാമ്പിയിലെ വാതക ശ്മശാനം നിര്‍മാണം പൂര്‍ത്തീകരിച്ച് തുറന്നു കൊടുക്കാനുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണം. പട്ടാമ്പി റവന്യു ടവര്‍ നിര്‍മാണം വേഗത്തിലാക്കണമെന്നും എം.എല്‍.എ. ആവശ്യപ്പെട്ടു.
ടിപ്പുസുല്‍ത്താന്‍ റോഡിലെ അയ്യപ്പന്‍കാവ് ജങ്ഷനില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാവുകയാണെന്നും മുന്നറിയിപ്പ് സംവിധാനങ്ങള്‍ സ്ഥാപിക്കണമെന്നും കെ. ശാന്തകുമാരി എം.എല്‍.എ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കെ.ആര്‍.എഫ്.ബിക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. കിഫ്ബി പദ്ധതിയിലുള്‍പ്പെട്ട പറളി ഓടന്നൂര്‍ പാലം നിര്‍മ്മാണം പ്രവൃത്തി വേഗത്തിലാക്കണം. കാഞ്ഞിരപ്പുഴ, തച്ചമ്പാറ, കരിമ്പ പ്രദേശങ്ങളില്‍ താമസിക്കുന്ന 150 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.
ജില്ലയില്‍ വന്യജീവി ആക്രമണത്തില്‍ പരുക്കേറ്റവര്‍ക്കും മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കുമായി 77 അപേക്ഷകളില്‍ നഷ്ടപരിഹാരം നല്‍കിയതായി മണ്ണാര്‍ക്കാട്, നെന്മാറ ഡി.എഫ്.ഒമാര്‍ കെ. ബാബു എം.എല്‍.എയുടെ ചോദ്യത്തിനുത്തരമായി അറിയിച്ചു. ഒന്നാം വിള നെല്ല് സംഭരണ തുക അടിയന്തിരമായി നല്‍കണമെന്നും എം.എല്‍.എ യോഗത്തില്‍ ആവശ്യപ്പെട്ടു. കൊടുവായൂര്‍ ബൈപ്പാസ് നിര്‍മ്മാണത്തിനായി ജലസേചന വകുപ്പിന്റെ ഭൂമി ലഭ്യമാക്കുന്നതിന് സൂപ്രണ്ടിങ് എഞ്ചിനീയറുടെ അനുമതി ലഭ്യമായതായി ജലസേചന വകുപ്പ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ യോഗത്തില്‍ അറിയിച്ചു.
ഇറിഗേഷന്‍ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന 13 കുടുംബങ്ങള്‍ക്ക് പട്ടയം അനുവദിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് കെ.ഡി പ്രസേനന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. കിഫ്ബി പദ്ധതിയിലുള്‍പ്പെടുത്തി നടപ്പാക്കുന്ന പറക്കുന്നം പാലം പ്രവൃത്തിക്ക് സാങ്കേതിക അനുമതി ലഭിച്ചതായി എം.എല്‍.എയുടെ ചോദ്യത്തിനുത്തരമായി കെ.ആര്‍.എഫ്.ബി എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
കുളപ്പുള്ളി – ഷൊര്‍ണ്ണൂര്‍ റോഡ് അറ്റകുറ്റ പണികള്‍ നടത്തി ഗതാഗതയോഗ്യമാക്കിയതായി പി.ഡബ്ല്യു.ഡി വിഭാഗം യോഗത്തില്‍ അറിയിച്ചു. തൃത്താല മണ്ഡലത്തില്‍ നവീകരണത്തിനായി ഏറ്റെടുത്തിട്ടുള്ള 85 കുളങ്ങളില്‍ 70 കുളങ്ങളുടെ പണി പൂര്‍ത്തീകരിച്ചതായും 4 കുളങ്ങുടെ പണി പുരോഗമിക്കുകയാണെന്നും തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ യോഗത്തില്‍ അറിയിച്ചു. കുന്നംകാട്ട്പതി, ആര്യംപള്ളം എന്നീ തടയണകളില്‍ അടിഞ്ഞുകിടക്കുന്ന മണ്ണും ചളിയും റിവര്‍ മാനേജ്മെന്റ് ഫണ്ട് ഉപയോഗപ്പെടുത്തി നീക്കം ചെയ്യാന്‍ ജില്ലാ കളക്ടര്‍ യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി.
കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എമാരായ കെ. ബാബു, കെ. ശാന്തകുമാരി, എ. പ്രഭാകരന്‍, കെ. പ്രേംകുമാര്‍, മുഹമ്മദ് മുഹസിന്‍, കെ.ഡി പ്രസേനന്‍, എ.ഡി.എം കെ സുനില്‍കുമാര്‍, ആര്‍.ഡി.ഒ കെ മണികണ്ഠന്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍, മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ പ്രതിനിധി എസ്. വിനോദ് ബാബു, വിവിധ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

*നവകേരള സദസ്സിലെ ആവശ്യം യാഥാര്‍ത്ഥ്യമാകുന്നു
കാക്കത്തോട് പുതിയ പാലം വരുന്നു*

നവകേരള സദസ്സില്‍ തൃക്കടീരി പഞ്ചായത്തിലെ കാക്കത്തോട് പുതിയ പാലം നിര്‍മ്മിക്കണമെന്ന ജനങ്ങളുടെ ആവശ്യം നിറവേറുന്നു. കാക്കത്തോട് പഴയ പാലത്തിനു പകരം പുതിയ പാലം നിര്‍മ്മിക്കുന്നതിന് ഭരണാനുമതിയായി. നവകേരള സദസ്സ് നിര്‍ദേശങ്ങള്‍ പ്രകാരം നടപ്പാക്കുന്ന വികസന പദ്ധതികളില്‍ ഉള്‍പ്പെടുത്തി രണ്ടുകോടി രൂപയാണ് പാലത്തിന് അനുവദിച്ചത്. നവ കേരള സദസില്‍ ഉയര്‍ന്നു വന്ന ആവശ്യങ്ങളില്‍ പ്രധാനമായിരുന്നു പുതിയ പാലം എന്നത്. തുടര്‍ന്ന് എംഎല്‍എ ജനങ്ങളുടെ ആവശ്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. ഇതോടെയാണ് പുതിയ പാലം യാഥാര്‍ത്ഥ്യമാകുന്നത്.
നായര്‍പടി മാങ്ങോട് റോഡിലെ വീതി കുറഞ്ഞ കുത്തനെയുള്ള ഇറക്കത്തില്‍ അപകടകരമായ വളവില്‍ സ്ഥിതിചെയ്യുന്നതാണ് കാക്കത്തോട് പാലം. പുതിയ പാലം വരുമ്പോള്‍ റോഡിലെ വലിയ വളവ് നികത്തി സുഗമമായി യാത്ര സാധ്യമാകും. നായര്‍പടി മാങ്ങോട് റോഡ് നവീകരിക്കുന്നതിന് ഒരുകോടി രൂപയുടെ ഭരണാനുമിതിക്കായി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്ന് പി മമ്മിക്കുട്ടി എം.എല്‍.എ അറിയിച്ചു

Spread the News

Leave a Comment